പത്തനംതിട്ട– ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ഷെറിന് പരോള്‍ അനുവദിച്ചു. ഏപ്രില്‍ 5മുതല്‍ 23 വരെ 18 ദിവസത്തെക്കാണ് പരോള്‍ അനുവദിച്ചത്. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിവാദമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ജയിലില്‍ വെച്ച് സഹതടവുകാരിയെ മര്‍ദിച്ചതിന് മാര്‍ച്ചില്‍ ഷെറിനെതിരെ കേസെടുത്തിരുന്നു.
ജീവപര്യന്തം ശിക്ഷ വിധിച്ച ഷെറിനെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ ഇളവ് നല്‍കി മോചിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. 14 വര്‍ഷത്തെ ശിക്ഷാ കാലയളവിനുള്ളില്‍ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്.
2009 നവംബറിലാണ് 65കാരനായ ഭാസ്‌കരനെ ഷെറിന്‍ കൊലപ്പെടുത്തുന്നത്. ഭര്‍തൃ പിതാവിന്റെ കാരണവരെ കൊലപ്പെടുത്തിയതില്‍ ഷെറിനോടൊപ്പം സുഹൃത്തുക്കളായ ബാസിത് അലി, നിതിന്‍, ഷാനു റഷീദ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, കവര്‍ച്ച,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത്. 2010ല്‍ കോടതി എല്ലാവരെയും കുറ്റക്കാരണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരോള്‍ സ്വാഭാവിക നടപടിയാണെന്ന് ജയില്‍ അധികൃതര്‍ പ്രതികരിച്ചു. പോലീസ് നിരീക്ഷണം ഉള്‍പ്പെടെ ശക്തമായ ഉപാധികളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.