കോഴിക്കോട്- റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചുവെന്ന വാർത്ത ചൊവ്വാഴ്ച മാധ്യമങ്ങൾ വ്യാപകമായി പങ്കുവെച്ചിരുന്നു. എന്നാൽ കോഴിക്കോട്ടെ പ്രമുഖ വാഹന കമ്പനിയുടെ പ്രമോഷൻ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ഡാനിഷ് റിയാസ് എഴുതിയ പോസ്റ്റ് വായിക്കാം.
‘ജോലിക്കിടയിൽ വാഹനാപകടത്തിൽപെട്ട് യുവാവ് മരിച്ചു’ എന്ന് വാർത്ത കൊടുത്താൽ അറ്റൻഷൻ കിട്ടില്ലല്ലോ. ഒരു സാധാരണ അപകട വർത്തപോലെ അതങ്ങ് കടന്നുപോകും. സബ്സ്ക്രൈബ് ചെയ്യില്ല, ഹിറ്റ് കിട്ടില്ല, ആരും ലിങ്ക് തുറക്കില്ല, മരണപ്പെട്ട പയ്യനെ തെറിവിളിക്കാൻ പറ്റില്ല, വാർത്ത കൊണ്ട് വന്ന റിപ്പോർട്ടർമാർക്ക് രോമാഞ്ചമുണ്ടാവില്ല, അഡ്മിന് സന്തോഷവുമുണ്ടാകില്ല.
അതുകൊണ്ട് തന്നെ ”റീൽസ് എടുക്കുമ്പോൾ യുവാവ് മരണപ്പെട്ടു” എന്ന് ഹെഡിങ് കൊടുത്തു. റിപ്പോർട്ടർമാർ ഉദ്ദേശിച്ചത് നടന്നു. വാർത്തക്ക് താഴെ മരണപ്പെട്ട പയ്യനെ തെറിവിളി, അസഭ്യം, വീട്ടുകാരോടുള്ള പരിഹാസം, പക. കൊട്ടക്കണക്കിന് ലൈക്കും കമന്റും. അപകടത്തിൽപെട്ട വാഹനം ലക്ഷ്വറി സെഗ്മെന്റിൽ പെട്ടതാകുമ്പോൾ മലയാളിക്ക് ഫ്രസ്‌ട്രേഷൻ കൂടും. ലോകത്ത് വേറെവിടെയും ഇതുപോലൊരു മാധ്യമ പ്രവർത്തനം ഉണ്ടാവാൻ സാധ്യതയില്ല.
രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്. കോഴിക്കോട് ബീച്ച് റോഡിൽ, റീൽസ് എടുക്കുമ്പോൾ മരണപ്പെട്ട പയ്യൻ അവന്റെ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വീഡിയോഗ്രാഫർ ആയിരുന്ന, കമ്പനികൾക്ക് വേണ്ടി ഒഫീഷ്യൽ റീൽസ് ഒക്കെ എടുത്ത് വരുമാനം കണ്ടെത്തിയിരുന്ന പയ്യൻ, ഗൾഫിലൊരു ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ അങ്ങോട്ട് പോയി. കിഡ്‌നിയുമായി ബന്ധപ്പെട്ട് സർജറി കഴിഞ്ഞ പയ്യൻ, ഈയ്യിടെ ലീവെടുത്ത് വന്നത് ഒരു ഹെൽത്ത് ചെക്കപ്പിന് വേണ്ടിയായിരുന്നു.
അതുകഴിഞ്ഞ് തിരിച്ചു പോകാനിരിക്കുന്നതിനിടെ, ഇന്നലെ കോഴിക്കോട്ടെ ഒരു പ്രമുഖ വാഹന ഡിസ്ട്രിബ്യൂഷൻ കമ്പനി, അവരുടെ വാഹനങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി, ഈ പയ്യനെ റീൽസ് എടുക്കാൻ വിളിക്കുന്നത്. അതിന്റെ ഷൂട്ടാണ് ഇന്ന് രാവിലെ നടന്നത്. അതിനിടയിലാണ് വാഹനം ഓടിച്ച കമ്പനിയുടെ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധയിൽ അപകടം ഉണ്ടാകുന്നതും പയ്യൻ മരണപ്പെടുന്നതും. തികച്ചും അപ്രതീക്ഷിതമായതും ദാരുണമായതും.
അല്ലാതെ, നടന്നത് കണ്ണാപ്പികളുടെ വൈറൽ ആവാൻ വേണ്ടിയുള്ള റീൽസ് വീഡിയോ ഷൂട്ട് അല്ല, മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീർക്കാനുള്ള കപ്പിൾ ഫോട്ടോ ഷൂട്ടുമല്ല. വാഹന സംബന്ധമായ തികച്ചും പ്രൊഫഷണലായ, തികച്ചും ഒഫീഷ്യലായ വിവിധ തരത്തിലുള്ള റീൽസ് എടുക്കാനുള്ള വീഡിയോ ഷൂട്ട് ആയിരുന്നു. അതും അതിരാവിലെ അതീവ ശ്രദ്ധയോടെ തുടങ്ങിവെച്ചത്. പക്ഷെ എവിടെയോ പാളിപ്പോയി. അതിൽ നിരപരാധിയായ ആ പയ്യനും പെട്ടുപോയി. ഓർക്കുക, ഇങ്ങനെ പലരും ഒഫീഷ്യലായി എടുക്കുന്ന റീൽസും വീഡിയോകളുമാണ് എന്റെയും നിങ്ങളുടെയും വാളിൽ പ്രത്യക്ഷപ്പെടുന്നതും നമ്മൾ കണ്ട് വിലയിരുത്തുന്നതും, ആസ്വദിക്കുന്നതും, ഷെയർ ചെയ്യുന്നതും.
‘വാർത്ത’ എന്ന് പറഞ്ഞാൽ സത്യം എന്നല്ല അർഥം. അമ്മയെ കൂട്ടിക്കൊടുത്തും വാർത്തയുണ്ടാക്കുക, പത്ത്‌പേരെക്കൊണ്ട് വായിപ്പിക്കുക, ലിങ്ക് തുറപ്പിക്കുക’ എന്ന മനോഭാവമുള്ള കുറെ ആധുനിക റിപ്പോർട്ടർമാരുടെ ‘വയറ്റിപ്പിഴപ്പാണ് വാർത്ത’ എന്ന് മാത്രം മനസിലാക്കുക..!