സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിന് പകരമായി ബാര്‍ ഉടമകളില്‍ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍. പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം.
അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തളളിയ സുനില്‍ കുമാര്‍, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച അനിമോനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. എന്നാല്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ചതെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്റെ വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
സംഘടനയുടെ പ്രസിഡന്റായി താന്‍ ഏഴ് വര്‍ഷമായി ഞാന്‍ തുടരുകയാണെന്നും ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ് പൂട്ടിയ ബാറുകള്‍ തുറന്നത്. ആ സമയത്ത് നിരവധി പ്രശ്‌നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിര്‍ക്കുന്ന ആളുകളുണ്ട്. അനിമോന്‍ ഇതിലൊരാളാണ്. കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും നാല് കോടിയാണ് പിരിച്ചത്. ബാക്കി പണം എക്‌സിക്യൂട്ടീവ് അംഗങ്ങളോട് വായ്പയായി ആയി തരാന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്നാണ് പിരിവ് കുറവ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ഇക്കാര്യത്തെ കുറിച്ചാണ് പറഞ്ഞത്.
അനിമോനും കൊല്ലത്തുള്ള ആള്‍ക്കാരും ചേര്‍ന്ന് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചു. ഇതിനായി സമാന്തര പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇന്നലെ അനി മോനെ സസ്‌പെന്റ് ചെയ്തിരുന്നതായും സുനില്‍ കുമാര്‍ പറഞ്ഞു.