തൃശ്ശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ നടന്ന ബാങ്ക് കൊള്ളയില്‍ അന്വേഷണം ഊര്‍ജ്ജിതം.തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയ്ക്ക് 2.12ന് ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനുട്ടിനുള്ളില്‍ കവര്‍ച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്പി പറഞ്ഞു.
റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നില്ല. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും റൂറല്‍ എസ്പി പറഞ്ഞു. പ്രതി എത്തുമ്പോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാങ്കിനെക്കുറിച്ച് പൂര്‍ണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നില്‍ എന്ന് ഉച്ചസമയത്തെ മോഷണത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്നും പൊലീസ് പറയുന്നു.
ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റും ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തതെന്നും ഹിന്ദിയിലാണ് സംസാരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി.