തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലുള്ള സി.പി.എം നേതാവ് പി.പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചത് ദിവ്യക്ക് ഏറെ ആശ്വാസകരമാണെങ്കിലും ഇതിനെതിരെ ഇരയുടെ കുടുംബം മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. വിധിപ്പകർപ്പ് കിട്ടിയ ശേഷം നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്നാണ് കുടുംബ വക്കീൽ പ്രതികരിച്ചത്.
11 ദിവസമായി കണ്ണൂർ പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യയെ ഉടനെ കോടതി ഉത്തരവ് ലഭ്യമാക്കി ഇന്നു തന്നെ ജയിൽ മോചിതയാക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വക്കീൽ കോടതിയിൽ വാദിച്ചത്. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ആദ്യം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ സി.പി.എം വിവാദങ്ങൾക്കൊടുവിൽ ഇന്നലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ദിവ്യയെ നീക്കി ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് വേളയിൽ പാർട്ടി പൊതുസമൂഹത്തിൽ വലിയ രീതിയിൽ പ്രതിരോധത്തിലാകുന്നതും പ്രവർത്തകരിൽ നിന്നടക്കം കടുത്ത വിമർശങ്ങൾ ഉയരുന്നതിന്റെയും പശ്ചാത്തലത്തിലാണ് സി.പി.എം ഇന്നലെ സംഘടനാ നടപടിക്ക് തയ്യാറായത്. സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം കേസിന്റെ തുടക്കം മുതൽ സ്വീകരിച്ച ശക്തമായ നിലപാട് പാർട്ടി കണ്ണൂർ കണ്ണൂർ ഘടകത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കണ്ണ് തുറപ്പിച്ചുവെന്നതും വസ്തുതയാണ്.