കൊച്ചി– ഗൾഫിൽ നിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ മൂന്നാം വ്യക്തി മുഖേന പണമയക്കരുതെന്ന് നിർദേശം. പ്രമുഖ യുവ അഭിഭാഷകൻ അഡ്വ. സി എച്ഛ് മഹ്‌റൂഫാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയത്. കണ്ണൂരിലെ കോടതിയിൽ എൻഡിപിഎസ് (വാണിജ്യ അളവിലുള്ള മയക്കുമരുന്ന്) കേസിൽ പ്രതിയായ ഒരാളെ പ്രതിനിധീകരിച്ച സംഭവവും അദ്ദേഹം വിവരിച്ചു. കുറ്റാരോപിതൻ ദുബൈയിൽ നിന്ന് മറ്റൊരു വ്യക്തി മുഖേന തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയതായിരുന്നു. എന്നാൽ പിന്നാട് ആ പണം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തുകയും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ് സംഭവം.
അതിനാൽ എല്ലാ പ്രവാസികളും പ്രത്യേകിച്ച് ഗൾഫിൽ നിന്നുള്ളവർക്ക് ഈ മുന്നറിയിപ്പ് നൽകണമെന്നും അനധികൃത മാർഗങ്ങളിലൂടെ പണം അയക്കുന്നത് നിർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം കേസുകളിൽ പെട്ട് കുടുങ്ങിയവരുടെ മുന്നറിയിപ്പ് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.