കൊല്ലം – മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രതീഷ് (38) ജീവനൊടുക്കി. രതീഷിന്റെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. പോലീസിന്റെ ശാരീരിക പീഡനങ്ങളില്‍ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നംു അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൊടിയ മര്‍ദ്ദനം സഹിക്കാതെ രതീഷ് സെല്ലില്‍ തളര്‍ന്നു വീണതായും ആരോപണമുണ്ട്. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് രതീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്ന രതീഷിന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുത്തു. ഇതിനിടെ, 2020 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും അയാള്‍ വെളിപ്പെടുത്തി. ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം രതീഷിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങള്‍ രതീഷിനെ മാനസികവും ശാരീരികവുമായി തകര്‍ത്തിരുന്നുവെന്ന് കുടുംബം പറയുന്നു. മോഷണക്കേസില്‍ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകര്‍ന്നിരുന്നുവെന്നും പോലീസുകാര്‍ക്ക് എതിരെ വകുപ്പുതല അന്വേഷണവും കാര്യക്ഷമമായി നടക്കുന്നില്ലന്നും കുടുംബം ആരോപിച്ചു.