(മുക്കം)കോഴിക്കോട്: പീഡനശ്രമത്തെ തുടർന്ന് മുക്കം മാമ്പറ്റയിലെ ഹോട്ടൽ കെട്ടിടത്തിൽനിന്നും യുവതി താഴോട്ടു ചാടിയ സംഭവത്തിൽ മൂന്നു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഇന്ന് ഉച്ചയ്ക്കും വൈകീട്ടുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ അരങ്ങേറി.
സങ്കേതം ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടിയില്ലെന്നും പീഡകർക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റികൾ, വിമൺസ് ഇന്ത്യാ മൂവ്‌മെന്റ്, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മുക്കം പോലീസ് സ്‌റ്റേഷനിലേക്കും മാമ്പറ്റ സങ്കേതത്തിലേക്കും മാർച്ച് നടന്നത്.
മാമ്പറ്റ സങ്കേതത്തിലേക്കുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് സമാധാനപരമായിരുന്നുവെങ്കിലും യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് കണ്ടാലറിയാവുന്ന 50 സമരക്കാർക്കെതിരേ കേസെടുത്തതായി മുക്കം പോലീസ് അറിയിച്ചുു.
മൂന്നുദിവസം മുമ്പാണ് മുക്കത്തിനടുത്ത മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരി പയ്യന്നൂർ സ്വദേശിനിയായ യുവതി പീഡനശ്രമത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടി പരുക്കുകളോടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടത്.
യുവതിയോടൊപ്പമുള്ള സഹതാമസക്കാരായ വനിതകൾ ഇല്ലെന്ന് മനസ്സിലാക്കി രാത്രി 11 മണിയോടെ യുവതിയുടെ താമസ സ്ഥലത്ത് എത്തി ഹോാട്ടൽ ഉടമയുടെ നേതൃത്വത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് കെട്ടിടത്തിൽനിന്നും ചാടാൻ ഇടയാക്കിയതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിണിപ്പോഴും.
അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഹോട്ടൽ ഉടമയടക്കം മൂന്നു പേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടുന്നതിൽ തണുപ്പൻ പ്രതികരണമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വിവിധ പ്രതിഷേധങ്ങളിൽ മനുഷ്യാവകാശ പ്രവർത്തക അഡ്വ. ആനന്ദ കനകം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ചാന്ദ്‌നി, മുസ്‌ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സി.കെ കാസിം, കോൺഗ്രസ് നേതാവും കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.ടി അഷ്‌റഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽസെക്രട്ടറി അഡ്വ. മുഹമ്മദ് ദിഷാൽ തുടങ്ങിയവർ പ്രസംഗിച്ചു. ബി.ജെ.പിയുടെ മാർച്ച് ബുധനാഴ്ച രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് ടി ദേവദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
പ്രതികളിൽ ഒരാൾ മുക്കം സ്വദേശിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിയും മൂന്നാമത്തെയാൾ കക്കോടി സ്വദേശിയുമാണെന്നും ഒളിവിൽ കഴിയുന്ന ഇവരെ ഉടനെ പിടികൂടാനാണ് ശ്രമമെന്നും പോലീസ് പ്രതികരിച്ചു.