തേഞ്ഞിപ്പലം– ഭരണഘടനയിലെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതിയും വിശ്വാസത്തിനും ആരാധനക്കും ചിന്തക്കുമുള്ള സ്വാതന്ത്ര്യവുമുൾപ്പെടെ ഭരണഘടനാ അവകാശങ്ങൾ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് നിഷേധിക്കുന്നുവെന്ന് തെളിവ് സഹിതം തുറന്നു കാട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മൈൽ ടു സ്‌മൈൽ ഫൌണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ആസിഫ് മുജ്തബ. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ ”കടലാസിലെ അവകാശങ്ങൾ, പ്രയോഗത്തിലെ നിഷേധം, ഭരണഘടന ഉറപ്പുകളിലേക്കുള്ള തിരിഞ്ഞുനോട്ടം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ എങ്ങനെയാണ് അവകാശനിഷേധങ്ങളും ഹിംസകളായും മാറുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയിലെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതിയും വിശ്വാസത്തിനും ആരാധനക്കും ചിന്തക്കുമുള്ള സ്വാതന്ത്ര്യം മുസ്ലിംകള്‍ക്ക് നിഷേധിക്കുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണ ഘടന നൽകുന്ന ഉറപ്പ് പരസ്യമായി ലംഘിക്കപ്പെടുന്നുവെന്നും ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസ്സാം തുടങ്ങി അനേകം സംസ്ഥാനങ്ങളിൽ ഉൾപ്പെടെ തകർക്കപ്പെട്ട വീടുകൾ, പള്ളികൾ, മദ്രസകൾ എന്നിവയുടെ വീഡിയോ- ഫോട്ടോ പ്രസന്റേഷനോടെ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടകൊലക്കിരയായി രക്തസാക്ഷിയായ നാസിര്‍, ജുനൈദ് എന്നിവരുടെ ധാരുണമായ അവസ്ഥയെ അദ്ദേഹം തുറന്നുകാട്ടി. ഉത്തരേന്ത്യയില്‍ മുസ്ലിമാണെന്ന് തോന്നുന്നവര്‍ വരെ കൊല്ലപ്പെടാമെന്ന അവസ്ഥയിലാണ്. ബീഫിന്റെ പേരില്‍ തുടങ്ങിയ കൊലപാതങ്ങള്‍ മുസ്ലിം ചിഹ്നങ്ങള്‍ വഹിക്കുന്നവരെ വരെ ആക്രമിക്കപ്പെടാന്‍ കാരണമാകുന്നു. 2022 ല്‍ 46371 വീടുകളും 2023 ല്‍ 107, 449 വീടുകളും ബുൾഡോസർ വെച്ച് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച രാത്രികളില്‍ വീടൊഴിഞ്ഞ് പോകാന്‍ നോട്ടീസ് നല്‍കും. മൂന്ന് ദിവസമാണ് നോട്ടീസ് കാലാവധിയുണ്ടാകുക. ചില കേസുകളില്‍ 9 മണിക്ക് വീടൊഴിഞ്ഞ് പോകണമെന്ന നോട്ടീസ് 10 മണിക്കാകും നല്‍കിയത്. നോട്ടീസ് നല്‍കാതെ വീടുകള്‍ തകര്‍ത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുളിച്ചുകൊണ്ടിരുന്ന 21 വയസുകാരിയായ മകളെ കുളികഴിയുന്നത് വരെ സമയം നല്‍കാതെ വീട് പൊളിച്ച് സംഭവവും ഉണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങളില്‍, പ്രതിഷേധക്കാരല്ല മറിച്ച് പൊലീസാണ് അക്രമാസക്തരാകുന്നത്. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും ഭരണഘടനയുടെ ആര്‍ട്ടിള്‍ 21 നല്‍കുന്ന അവകാശമാണ്. എന്നാല്‍ എല്ലാ അവകാശങ്ങളും മുസ്ലിംകളുടെ കാര്യത്തില്‍ തെറ്റാവുകയാണ്. ആര്‍ട്ടിക്കിള്‍ 14,21,25 എന്നിവ നല്‍കുന്ന ഭരണഘടന ഉറപ്പുകള്‍ മുസ്ലിംകള്‍ക്ക് നിഷേധിക്കുകയാണ്. ആള്‍ക്കൂട്ടകൊലകൾക്കും ബുള്‍ഡോസ് സംഭവങ്ങൾക്കുമെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് പലരേയും അറസ്റ്റ് ചെയ്ത സംഭവങ്ങളുമുണ്ടായി. ഹിന്ദുരാഷ്ട്ര സാധ്യമാക്കുന്നത് നിയമനിര്‍മാണ സഭകളല്ല മറിച്ച് ജുഡീഷ്യറിയാണ് എന്നതാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യം. 400 വര്‍ഷം പഴക്കമുള്ള പള്ളിവരെ പൊളിക്കുകയാണ്. മുസ്ലിംകള്‍ പ്രാര്‍ത്ഥിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പ്രണയിക്കുന്നതും വരെ ക്രിമിനല്‍വത്കരിക്കുകയാണ് ഭണകൂടം ചെയ്യുന്നത്. പൊതുസ്ഥലത്തെ നമസ്‌കാരം ക്രിമിനല്‍വത്കരിച്ചത് പോലെ സ്വകാര്യ സ്ഥലത്തെ നമസ്‌കാരവരും ക്രിമിനല്‍വത്കരരിക്കുകയാണ്. ആര്‍ക്കിയോളജിക്കല്‍ സവര്‍വേ ഓഫ് ഇന്ത്യ ഹിന്ദുത്വയുടെ പലതിൽ ഒരു ഗുണ്ടയാണ്. അവര്‍ മുസ്ലിം സ്മാരകള്‍ നശിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഉത്തരേന്ത്യയില്‍ ഡിലിമിറ്റേഷനിലൂടെ മുസ്ലിംകളുടെ രാഷ്ട്രീയമായി അപ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമ പ്രവർത്തകൻ കൂടിയായ അദ്ദഹം പറഞ്ഞു. സെഷനിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സംസാരിച്ചു.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അധ്യാപകന്‍ ഡോ. അഷ്‌റഫ് വാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഫാത്തിമ തഹ്ലിയ ചര്‍ച്ച പരിചയപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



