തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ നടത്തുന്ന സമരം അനാവശ്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സേവന മേഖലയിലായിരുന്നു ആശാ വർക്കർമാർ. ആദ്യം അവർക്ക് ഓണറേറിയം പോലും ഉണ്ടായിരുന്നില്ല. അവരുടെ വേതനവും ആനുകൂല്യവും വർദ്ധിപ്പിച്ച് 7000 രൂപയിലേക്ക് എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും ഇപി ജയരാജൻ പറഞ്ഞു.
‘ദുഷ്ടബുദ്ധികളുടെ തലയിൽ ഉദിച്ച സമരമാണിത്. അതിന് രാഷ്ട്രീയ ഉദ്ദേശ്യമാണുള്ളത്. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ കൊണ്ടുവന്നിരുത്തി അനാവശ്യ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് അവർ എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. ഈ സമരം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ സമരത്തിന് എതിരല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചതാണ്. ആ സമരത്തെ ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല’- ഇപി ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തോളമായി ആശാ വർക്കാർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുകയാണ്. ഓണറേറിയം 7,000 രൂപ എന്നത് 21,000 രൂപയാക്കുക, അത് എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക, പെൻഷൻ തുടങ്ങി ന്യായമായ ആവശ്യങ്ങളാണ് ആശാ പ്രവർത്തകർ ഉന്നയിക്കുന്നത്. ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണയായി രംഗത്തെത്തുന്നുണ്ട്.