കാന്തപുരം അബൂബക്കർ മുസ്ലിയാർ എഴുതുന്നു
ആത്മീയതയുടെ ആനന്ദം വിശ്വാസത്തിലും ഹൃദയത്തിലും ഉന്മേഷം നൽകുന്ന കാലമാണ് റമളാൻ. പലവിധ സാമൂഹിക സാഹചര്യങ്ങളിലൂടെ ജീവിച്ചുപോരുന്ന മനുഷ്യരെ കൂടുതൽ കാമ്പുള്ളവരാക്കാനും ചിട്ടപ്പെടുത്താനുമാണ് റമളാൻ രൂപകൽപന ചെയ്തിട്ടുള്ളത്. വിശ്വാസി ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സ്വർഗീയ അനുഭൂതിയാകയാലും അതിലേക്കുള്ള വഴി ആരെയും ദ്രോഹിക്കാതെ നന്മകൾ ചെയ്ത് മുന്നേറുക എന്നതായതിനാലും അവക്ക് ഊർജം നൽകുന്ന ആരാധനാ മുറകളും ശീലങ്ങളുമാണ് റമളാന്റെ അകക്കാമ്പായി ക്രമീകരിച്ചിട്ടുള്ളത് തന്നെ. അഥവാ, ഇന്നേവരെയുള്ള ജീവിതത്തെ അവലോകനം ചെയ്യാനും മുന്നിലുള്ള കാലം എവ്വിധമാവണമെന്ന് നിശ്ചയിക്കാനുമുള്ള ആത്മപരിശോധനയുടെ അവസരം. ശരീരത്തിന്റെ വിശപ്പിനും ആഗ്രഹങ്ങൾക്കും നിർണിതമായ അവധി നൽകി ആത്മാവിന്റെ വിശപ്പകറ്റാനും സൗന്ദര്യം വർധിപ്പിക്കാനും ഈ കാലം മനുഷ്യനെ നിരന്തരം പ്രേരിപ്പിക്കുന്നു. ഓരോ നന്മകൾക്കും എത്രയോ ഇരട്ടി പ്രതിഫലം വാഗ്‌ദാനം ചെയ്ത് പ്രചോദിപ്പിക്കുന്നു.
ഭൗതിക ജീവിതം മോഹങ്ങളിലേക്കും വികാരങ്ങളിലേക്കും മനുഷ്യനെ നയിച്ചേക്കും. ലഭിക്കുന്ന സമ്പത്തിന്റെയും പ്രതാപത്തിന്റെയും സ്ഥാനമാനങ്ങളുടെയും കണക്കു പൊലിപ്പിച്ച് ഇതുതന്നെയാണ് യഥാർഥ വിജയമെന്ന് പിശാച് ദുർബോധനം നടത്തികൊണ്ടേയിരിക്കും. സുഖാസ്വാദനങ്ങൾക്ക് വേണ്ടി അശ്ലീലതയും വിനോദവും ധൂർത്തും നമ്മെ ഭരിക്കുകയും ചെയ്യും. അനുഗ്രഹത്താലും അധ്വാനത്താലും കിട്ടുന്നവ കൊണ്ട് തൃപ്തിപ്പെടാതെ കൂടുതൽ ആഗ്രഹിക്കുന്നതും അതിനായി അസാന്മാർഗിക വഴി തിരഞ്ഞെടുക്കുന്നതും നിത്യസംഭവങ്ങളായി മാറിയിട്ടുണ്ട്. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും പേരിൽ എത്ര കൊലപാതകങ്ങളാണ് ദിവസം തോറും അരങ്ങേറുന്നത്.
മറ്റു സുഖങ്ങൾ ആഗ്രഹിച്ച് അധർമ പ്രവർത്തനങ്ങൾ ചെയ്യുന്നവരും അനേകം. എത്രനേടിയാലും മാനസിക അസംതൃപ്തിയും പ്രയാസങ്ങളുമൊക്കെയായിരിക്കും ഇത്തരം കർമങ്ങളുടെ അനന്തരഫലം. ചെറിയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവപ്പെടുമ്പോഴേക്ക് യാതൊരു ക്ഷമയും കാണിക്കാതെ ജീവിനൊടുക്കുന്നവരും ഇന്ന് ധാരാളമാണ്. ദൗതിക ലോകമാണ്, ഇവിടുത്തെ നേട്ട-നഷ്ടങ്ങളാണ് എല്ലാം എന്ന് കരുതുമ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ആത്മാവിന് പോഷണം നൽകിയാൽ ഇതെല്ലാം പരിഹരിക്കാനാവും. യഥാർഥ സുഖവും നേട്ടവും ഇതൊന്നുമല്ല എന്ന് തിരിച്ചറിയാനാവും.
നിശ്ചിത സമയം അന്നപാനീയങ്ങൾ ഉപേക്ഷിക്കുമ്പോൾ പട്ടിണി കിടക്കുന്നവരുടെ പ്രയാസം മാത്രമല്ല മനുഷ്യൻ അറിയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും മനുഷ്യന്റെ അശക്തിയും അത് ബോധ്യപ്പെടുത്തുന്നുണ്ട്. അനുഗ്രഹമില്ലെങ്കിൽ ഒന്നും ഭക്ഷിക്കാൻ കിട്ടില്ലെന്നും അവയവങ്ങളുടെ പ്രവർത്തനം സുഗമമായില്ലെങ്കിൽ വയറും ശരീരവും തന്നെ കാലിയാവുമെന്നൊക്കെ ആ സമയം ചിന്തിപ്പിക്കുന്നു. സ്വന്തം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിൽ അവനുള്ള പങ്ക് എത്ര നിസ്സാരമാണെന്ന് മനസ്സിലാവുന്നു. നമ്മുടെ നിസ്സഹായത മനസ്സിലാക്കാനും അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിനോട് നന്ദിയർപ്പിക്കാനും നമുക്ക് ലഭിച്ച കാരുണ്യം മറ്റുള്ളവരിലേക്ക് പടർത്താനും ഇതവസരം നൽകുന്നു. മതിയായ കുടിവെള്ളം പോലും ലഭിക്കാതെ നരകിക്കുന്ന ഫലസ്തീനികളുടെ, പട്ടിണിമൂലം എല്ലുംതോലുമായ ഗസ്സ നിവാസികളുടെ ദയനീയ ചിത്രങ്ങൾ പുറത്തുവരുന്ന ഈ സാഹചര്യത്തിൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ എത്ര വലുതാണെന്ന് മനസിലാക്കാം. റമളാനാന്തര ജീവിതത്തിൽ ദൂർത്ത് വെടിഞ്ഞും ഒന്നുമില്ലാത്തവരെ സഹായിച്ചും ജീവിതം ചിട്ടപ്പെടുക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
രാത്രി നിസ്‌കാരം ഉൾപ്പെടെയുള്ള റമളാനിലെ സവിശേഷ ആരാധനകൾ ഇന്നേവരെ ലഭിച്ച അംഗീകാരങ്ങൾക്കുള്ള നന്ദിയപ്പിക്കലാണ്. ആത്മാവിനെ ശുദ്ധീകരിക്കാൻ ഈ നിസ്കാരങ്ങൾ വലിയ മുതൽക്കൂട്ടാണ്. നമ്മുടെ ബുദ്ധിക്കും ചിന്തക്കും യാതൊരു അപ്‌ഡേഷനുമില്ലാതെ പോവുമ്പോഴാണ് പലവിധ കുഴപ്പങ്ങളിൽ നാം ചെന്നുചാടുന്നത്.
അതിനാൽ വിജ്ഞാനസമ്പാദനത്തിന് റമളാനിലെ വലിയൊരു സമയം തന്നെ വിനിയോഗപ്പെടുത്തണം. ഉപകാരപ്രദമായ അറിവ് സമ്പാദിക്കുകയെന്നത് വളരെയധികം പുണ്യമുള്ള കാര്യമാണ്. അറിവിനേക്കാൾ ആത്മാവിനെ പ്രകാശിപ്പിക്കുന്ന മറ്റൊന്നുമില്ലതാനും. സകാത്തിലൂടെ, നോമ്പു തുറയിലൂടെ മറ്റുള്ളവരിലേക്ക് നമ്മുടെ സമ്പത്തൊഴുക്കുമ്പോൾ യഥാർഥത്തിൽ നമ്മുടെ ഉള്ളുകൂടി സമ്പന്നമാവുന്നുണ്ട്. എല്ലാം എനിക്കും എന്റെ മക്കൾക്കും എന്ന ചിന്തയിൽ നിന്ന് മോചിതനാവാനും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് കൂടിയുള്ളതാണ് എന്റെ സമ്പാദ്യം എന്ന ബോധം വരാനും ഇവ പ്രേരിപ്പിക്കും.
ശാരീരിക മാനസിക വികാരങ്ങൾക്കനുസൃതമായി ജീവിതം നയിക്കുന്നത് ഹൃദയത്തെ കാഠിന്യമുള്ളതാക്കുകയും സത്യമറിയുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യും. എന്താണ് ശരിയായ സൗഖ്യം, ഏതാണ് സ്വസ്ഥത എന്നൊക്കെ അറിയുന്നതിൽ നിന്ന് നമ്മെ തടയുന്നത് ആത്യാഗ്രഹങ്ങളും വികാരങ്ങളുമാണ്. ഭക്ഷണമടക്കമുള്ള വികാരങ്ങൾ ഒഴിവാക്കുമ്പോൾ ഹൃദയം പ്രകാശിക്കുകയും ഇലാഹീ സമരണയും ചിന്തയുമുണ്ടാവുകയും ചെയ്യും. ‘നോമ്പുകാരനായിരിക്കെ ഒരാൾ തന്നെ ചീത്ത വിളിച്ചാൽ, ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് അതിൽ നിന്ന് വിട്ടുനിൽകട്ടെ’ എന്നർഥം തിരുവചനം നൽകുന്ന സന്ദേശവുമിതാണ്. ആരോടും ദേഷ്യപ്പെടാതെ, പ്രകോപിതരാവാതെ, ക്ഷമയോടെയും ലാളിത്യത്തോടെയും ജീവിക്കാൻ സാധിക്കുന്നതും നോമ്പു നൽകുന്ന അച്ചടക്കത്തലാണ്. ഞാൻ നോമ്പുകാരനാണ് എന്ന ബോധം അവനെ സാമൂഹ്യ തിന്മയിൽ നിന്നും പരിഹാസങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ഞാനാണ് വലിയവൻ, എനിക്കാണ് സമ്പത്ത്, എനിക്കാണ് കൂടുതൽ അനുയായികൾ തുടങ്ങിയ മനുഷ്യസഹജമായ അഹകാരങ്ങളെ റദ്ദ് ചെയ്യാൻ നോമ്പിനു സാധിക്കും. എല്ലാവരും ഒരേ സമയം പട്ടിണി കിടക്കുന്നു. സമ്പത്തുള്ളവനോ അധികാരമുള്ളവനോ ആർക്കും ആ സമയത്തിൽ ഒരിളവും നൽകുന്നില്ല. നോമ്പു പാഴായിപ്പോവുന്ന കാര്യങ്ങളും എല്ലാവർക്കും ഒരുപോലെ. ഒരേ നിബന്ധന. എത്ര മുന്തിയ വിഭവങ്ങൾ മുന്നിലുള്ളവർക്കും ഒന്നും കയ്യിൽ ഇല്ലാത്തവർക്കുമെല്ലാം നോമ്പുതുറക്കാൻ ശ്രേഷ്ടതയുള്ള വിഭവം കാരക്കയോ അതുമല്ലെങ്കിൽ ശുദ്ധജലമോ ആണല്ലോ. ഏതുസാധാരണക്കാർക്കും വിപണിയിൽ നിന്നും പരിസരങ്ങളിൽ നിന്നും ലഭ്യമാകുന്നവ. ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നതിന്റെയും പാതിരാവിൽ സംഘടിത നിസ്കാരങ്ങളിൽ ഒരേ മനസ്സോടെ പങ്കെടുക്കുമ്പോഴും ഉള്ളിലെ അഹകാരങ്ങൾക്ക് എവിടെ സ്ഥാനം ലഭിക്കാനാണ്.
ള്ളിൽ ഭയഭക്തിയുള്ളവരാണ് അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉത്തമർ എന്ന സത്യമറിഞ്ഞ് സമ്പത്തോ മറ്റു ഭൗതിക നേട്ടങ്ങളോ പരിഗണിക്കാതെ ഭക്തിയുടെ മാർഗത്തിൽ മത്സരിക്കാനാണ് ഓരോ മനുഷ്യരും ഓരോ റമളാനിലും നെട്ടോട്ടമോടേണ്ടത്. കർമങ്ങൾ സ്വീകരിച്ച് സ്വർഗീയ സുഖങ്ങളിലേക്ക് വഴി നടത്തേണമേ എന്നാവണം ഓരോരുത്തരുടെയും പ്രാർത്ഥനയും. ആവുന്നിടത്തോളം നല്ലതുചെയ്ത് അനാവശ്യ സംസാരങ്ങളിൽ നിന്നും അങ്ങാടി ചർച്ചകളിൽ നിന്നും സോഷ്യൽ മീഡിയ വ്യവഹാരങ്ങളിൽ നിന്നും വിട്ടുനിൽക്കണം. കാരുണ്യത്തിന്റെ മലക്കുകളുടെ ചിറകിലേറി തുറന്നിട്ടിരിക്കുന്ന സ്വർഗ കവാടങ്ങൾ കടക്കാൻ ഓരോ സത്കർമങ്ങളും സമ്പാദ്യമായി സ്വരുക്കൂട്ടി വെക്കണം.
ശുദ്ധിയാവുക എന്നത് ഏതൊരു മനുഷ്യനും അത്യധികം അനുഭൂതിനൽകുന്നൊരു കാര്യമാണല്ലോ. നിത്യേനയുള്ള ജീവിതവ്യവഹാരങ്ങൾക്കിടെ, ജോലി സ്ഥലത്തെ ഏർപ്പാടുകൾക്കിടെ, യാത്രകൾക്കിടെ പറ്റുന്ന പൊടിപടലങ്ങള്‍ കളഞ്ഞ് ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമാണല്ലോ നാം നിത്യവും കുളിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒന്നു മുഖം കഴുകുന്നതുപോലും എന്തൊരു കുളിരാണ് നമുക്ക് നൽകുന്നത്. നിത്യവും കഴുകിവൃത്തിയാക്കിയില്ലെങ്കിൽ പൊടിപടലങ്ങളും മാലിന്യങ്ങളും ശരീരത്തെ തന്നെ വൃത്തികേടാക്കും, അനാരോഗ്യാവസ്ഥയിലേക്ക് നയിക്കും.
മനസ്സിന്റെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് എത്രപേരെയാണ് ഓരോദിവസവും അഭിമുഖീകരിക്കുന്നത്. ചിലരോട് ദേഷ്യപ്പെടേണ്ടിവന്നേക്കാം. അധർമങ്ങൾ ചെയ്തുപോയേക്കാം. തെറ്റുകളിൽ വീണുപോവാം. എല്ലാം മനുഷ്യ സഹജമാണ്. എന്നാൽ അതിൽ നിന്നു കരകയറാൻ കുളിയെപോലെ തന്നെ ഒട്ടേറെ അവസരങ്ങളുണ്ട്. അതൊന്നും വിനിയോഗിക്കാതിരുന്നാൽ മാനസിക രോഗങ്ങളിലേക്ക് മനസ്സുനീങ്ങും. മനസ്സിന്റെ ശുദ്ധി കൂടിയാണ് മനുഷ്യന്റെ ശുദ്ധിയെന്നതിനാൽ തിന്മകളുടെ ബഹളങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്‌ലാം വിശ്വാസികളോട് കല്‍പ്പിക്കുന്നുണ്ട്. അതിനാൽ ഇന്നേവരെയുള്ള തിന്മകളെല്ലാം ശുദ്ധീകരിക്കാനും നന്മയിലധിഷ്ഠിതമായ ജീവിത പദ്ധതി ക്രമീകരിക്കാനും ഈ മുപ്പതുദിനങ്ങൾ നമുക്ക് ഊർജം നൽകട്ടെ.
(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)