തൃശൂർ– ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി ജയശ്രി (61) ആണ് അറസ്റ്റിലായത്. പുതിയ റിസോർട്ട് പ്രൊജക്ട് ആരംഭിക്കുന്നുണ്ടെന്നും ലാഭമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്ത് പുത്തൻചിറ സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2022 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദ്യം 10 ലക്ഷം രൂപ വീട്ടിലെത്തി വാങ്ങിക്കുകയും പിന്നീട് അക്കൗണ്ട് വഴിയും നേരിട്ടുമായി 50 ലക്ഷം രൂപ കൂടി പ്രതി കൈക്കലാക്കുകയായിരുന്നു. 2024 മാർച്ച് 16നാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി സ്‌റ്റേഷനുകളിലായി 9ഓളം തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ് പിടിക്കപ്പെട്ട ജയശ്രീ.