തിരുവനന്തപുരം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയ ഫൈസലാണ് മരിച്ചത്. ആദ്യത്തെ മൂന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഞരമ്പിലെ മുറിവിലൂടെ തലച്ചോറിലേക്ക് പേവിഷം പ്രവഹിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് വാക്സിൻ ഫലിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന.
ഏപ്രിൽ 8-ന് വീട്ടുമുറ്റത്ത് വച്ച് തെരുവുനായ കടിച്ചതാണ് ദാരുണാന്ത്യത്തിന് കാരണമായത്.കൈയിൽ ആഴത്തിലുണ്ടായ മുറിവിലൂടെ ഞരമ്പുകൾ വഴി വിഷം തലച്ചോറിലെത്തിയതാണ് വാക്സിൻ ഫലിക്കാതിരുന്നതിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു.
നിയയുടെ മുറിവ് ഉടൻ വൃത്തിയാക്കി, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാർബോളിക് സോപ്പ് ഉപയോഗിച്ച് കഴുകി അഴുക്കുകൾ നീക്കം ചെയ്തിരുന്നു. അന്നുതന്നെ ആദ്യ ഡോസ് ഇൻട്രാഡെർമൽ റാബിസ് വാക്സിൻ (IDRV) കുത്തിവെപ്പും ആന്റി-റാബിസ് സിറവും നൽകി. പിന്നീട് മൂന്ന് ഡോസ് IDRV കൂടി എടുത്തു. എന്നാൽ, ഏപ്രിൽ 20-ന് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസത്തിനിടെ കേരളത്തിൽ പേവിഷബാധ മൂലം മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് നിയ. കഴിഞ്ഞ ആഴ്ച, കോഴിക്കോട് പെരുവള്ളൂർ സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്റെ മകൾ സിയ (6) തെരുവുനായുടെ കടിയേറ്റ് ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. മാർച്ച് 29-ന് തലയിലും കാലിലും കടിയേറ്റ സിയ, പ്രതിരോധ വാക്സിൻ എടുത്തിരുന്നെങ്കിലും രക്ഷപ്പെട്ടില്ല.
നായകടി ഏറ്റാൽ ഉടൻ മുറിവ് വൃത്തിയാക്കി സമയബന്ധിതമായി വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.