കൊച്ചി: കോതമംഗലം ചെമ്പൻ കുഴിയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർത്ഥിനി പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിലെ സി.വി ആൻമേരി(21)യാണ് മരിച്ചത്.
കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയിൽ ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഇന്ന് വൈകീട്ടാണ് സംഭവം. ബൈക്കോടിച്ച സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശ്ശേരി അൽത്താഫ് അബൂബക്കറി(21)നെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു.
സുഹൃത്ത് നിലവിളിച്ചു ബഹളം വച്ചതോടെ വനപാലകരെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.