തിരുവനന്തപുരം: പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഇടതു മുന്നണിയുമായി ബൈ ബൈ പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് നിയമസഭയിൽ പുതിയ സീറ്റ് അനുവദിച്ചു.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്കിലായിരിക്കും അൻവർ ഇനി മുതൽ ഇരിക്കുക. നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പുതിയ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.
അൻവറിനെ പ്രതിപക്ഷത്തിനൊപ്പം ഇരുത്താനുള്ള സ്പീക്കറുടെ നടപടിക്കെതിരേ അൻവർ രംഗത്തുവന്നിരുന്നു. ഇരുപക്ഷത്തിനുമൊപ്പം താനില്ലെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ താൻ തോർത്തുമുണ്ടെടുത്ത് കാർപ്പറ്റിൽ ഇരിക്കുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. സഭ തുടങ്ങിയ ശേഷം ബുധനാഴ്ചയാണ് അൻവർ ആദ്യമായി സഭയിലെത്തുക. വിവാദങ്ങൾക്കുശേഷമുള്ള അൻവറിന്റെ ആദ്യ വരവിന്റെ മുന്നോടിയെന്നോണം ചൊവ്വാഴ്ച അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് പരാതികൾ കൈമാറിയിട്ടുണ്ട്. ഡി.എം.കെ എന്ന സാമൂഹ്യ കൂട്ടായ്മയുമായി മുന്നോട്ടു നീങ്ങുന്ന അൻവർ സംഘടനയക്ക് സംസ്ഥാനാടിസ്ഥാനത്തിൽ വേരുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ്.