ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്. നിര്‍ണായക ഘട്ടങ്ങളില്‍ സിപിഎമ്മിനെ സഹായിച്ച നേതാവാണ് വെള്ളാപ്പള്ളി. ഇപ്പോഴും ഒരു കാര്യം ചെന്ന് പറഞ്ഞാല്‍ അദ്ദേഹം അത് തള്ളില്ല. അതാണ് വെള്ളാപ്പള്ളിയെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍. അമ്പത് വര്‍ഷമായി വെള്ളാപ്പള്ളിയെ തനിക്കറിയാം. ഈഴവ വോട്ട് എന്നൊന്ന് ഇല്ലെന്നും സുധാകരന് പറഞ്ഞു.
ആലപ്പുഴ പ്രസ്ക്ലബിൽ ആർ മാനസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ശക്തനാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വിശദീകരിച്ചു. മോദി ഏകാധിപതിയായ ഭരണാധികാരിയാണ്. വലതുപക്ഷ ഭരണാധികാരികളില്‍ മോദി ശക്തനാണ്.
അതാണ് താൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ മോദിയെ സ്തുതിച്ചുവന്നാണ് തനിക്കെതിരേ ചാനല്‍ വാർത്ത കൊടുത്തതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പറയാത്തത് പറഞ്ഞതായി കൊടുക്കുന്നത് മാധ്യമരംഗത്തെ അപചയമാണ്. പ്രതിബദ്ധത പുലർത്തുന്ന മാധ്യമ പ്രവർത്തകരെ കണ്ടെത്താൻ മാധ്യമ സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം. ആദ്യം വന്നത് ഈ ചാനലിലാണ് എന്ന് പ്രചരിപ്പിക്കുന്നതിലാണ് മൽസരം. എന്നാൽ ജനങ്ങളതൊന്നും വലിയ കാര്യമാക്കാറില്ലെന്ന തിരിച്ചറിയൽ വേണം. പ്രമുഖമായ പത്രങ്ങൾ പോലും രാവിലെ പറയുന്നതല്ല , വൈകീട്ട് പറയുന്നത്. ഒട്ടുമിക്ക മാധ്യമങ്ങൾക്കും നിലപാടില്ലാതെയായി. രാഷ്ട്രീയത്തിൽ ക്രിമിനലിസം വളരുന്നു. അത് ലാഘവത്തോടെ കാണരുത്.
സിപിഎം അടക്കുമുള്ള പ്രസ്ഥാനങ്ങളിലെ സമകാലിക വ്യതിയാനങ്ങളെക്കുറിച്ച് പറഞ്ഞാൽ അത് പാർട്ടിയെ വിമർശിക്കുന്നതായി മാധ്യമങ്ങൾ ചിത്രീകരിക്കപ്പെടുന്നുവെന്നും സുധാകരൻ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് സജിത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ അനിൽകുമാർ, മണ്ണാറശാല ട്രസ്റ്റ് അംഗം നാഗദാസ്, കെ എ ബാബു, ബിനിഷ് പുന്നപ്ര സംസാരിച്ചു. മാനസൻ സ്മാരക പുരസ്കാരം ഷാജു ചന്തപ്പുരയ്ക്ക് സുധാകരൻ സമ്മാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group