കൊച്ചി – കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാരുടെ കടുത്ത പ്രതിഷേധം മാത്രമല്ല ഉയരുന്നത്, ഒരുപാട് സങ്കട കാഴ്ചകളും അതിനിടയിലുണ്ട്. ‘ മസ്‌ക്കറ്റില്‍ നിന്ന് എമര്‍ജന്‍സി ലീവിന് വന്നതാണ്, ബോസ് വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് അവിടെ എത്തിയില്ലെങ്കില്‍ പിന്നെ ജോലിയ്ക്ക് വരേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ എന്ത് ചെയ്യും സാറേ ‘ – സങ്കടത്തോടെയുള്ള യുവാവിന്റ ചോദ്യം എയര്‍പോട്ട് ഉദ്യോഗസ്ഥരോടാണ്. ഭര്‍ത്താവ് ഗള്‍ഫില്‍ അസുഖമായി ഐ സി യുവില്‍ കിടക്കുകയാണെന്നും വിവരമറിഞ്ഞ് പുറപ്പെട്ടതാണെന്നും അവിടെ എനിക്ക് എത്തിയേ മതിയാകുകയുള്ളൂവെന്നും കണ്ണീരോടെ മറ്റൊരു യുവതി പറയുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനം റദ്ദാക്കിയതോടെ വിമാനം കയാറാനെത്തിയവര്‍ക്ക് ഇങ്ങനെ നിരവധി സങ്കട കഥകളാണ് പറയാനുള്ളത്.
കണ്ണൂരില്‍ നിന്ന് അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.
ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്‌കറ്റ്, ബഹൈറൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.
രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവന്‍സ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.
കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.