- സി.പി.എമ്മിന്റെ വർഗീയ മുഖമായ എ വിജയരാഘവൻ വിഷം മാത്രമാണ് ചീറ്റുന്നത്! വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും പരിഹാസം.
കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം വർഗീയ ചേരിയുടേതാണെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയിൽ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്‌ലിയ.
സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയെന്നും അവരുടെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും ഫാത്തിമ തഹ്‌ലിയ വിമർശിച്ചു. വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണമെന്നും വിഷം മാത്രമാണ് ചീറ്റുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകും.
നൈസായി വർഗീയത പറയുന്ന കാര്യത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്. ബി.ജെ.പി പറയുന്നത് പോലെ മുസ്‌ലിംകളെ പൂർണ്ണമായും വർഗീയവത്ക്കരിക്കാൻ സഖാക്കൾ മെനക്കെടാറില്ല. പകരം എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും മാത്രം ആക്രമിക്കും. പക്ഷെ ലക്ഷ്യം എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്‌ലാമിയോ അല്ല.
വയനാട് പാർലമെന്റ് മണ്ഡലം പോലെ മൂന്നും നാലും ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിൽ രാഹുൽ ഗാന്ധി എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയെയും പോലെയുള്ള ചെറിയ പാർട്ടികളുടെ സഹായത്തോടു കൂടെയാണ് ജയിച്ചത് എന്ന് പറയുമ്പോൾ ലക്ഷ്യം ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അല്ല എന്ന് വ്യക്തമല്ലേ.

ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും കേരളത്തിൽ വളരുന്നു എന്ന് അമുസ്‌ലിംകൾക്കിടയിൽ ഭീതി പരത്തി അമുസ്‌ലിം വോട്ടുകൾ ഏകീകരിക്കാനുള്ള വർഗ്ഗീയ ശ്രമമാണ് സി.പി.എം നടത്തുന്നത്.
ഒരു വ്യായാമ കൂട്ടായ്മയിൽ പോലും വർഗീയത കാണുന്ന സി.പി.എം നേതാക്കൾ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഒരു സമുദായത്തെ പ്രതികൂട്ടിൽ നിർത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ.
വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണം. വിഷം മാത്രമാണ് അയാൾ ചീറ്റുന്നത്!