തിരുവനന്തപരം– വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ദാസ് ജാമ്യാപേക്ഷ നല്‍കിയത്.
ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് ജൂനിയര്‍ വക്കീല്‍ ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതി. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ദാസ് മുന്‍കൂര്‍ വാദിക്കുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ സമയമെടുക്കുന്നതില്‍ പരാതിക്കാരിയുടെ കുടുംബം അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതിയായ ബെയ്‌ലി ദാസിനെ പരാതിക്കാരി മര്‍ദിച്ചെന്ന ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി.
ജാമ്യം കിട്ടാന്‍ പരാതിക്കാരിക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയെന്നും ശ്യാമിലി മര്‍ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജറാക്കട്ടെയെന്നും അമ്മ വസന്ത പറഞ്ഞു. അഭിഭാഷകക്കെതിരെ ഇന്നലെ ന്യൂസ് അവറിലാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി മുരളീധരന്‍ ഗുരുതര ആരോപണമുന്നയിച്ചത്.