പത്തനംതിട്ട: കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ ഹരജിയെ പിന്തുണച്ച് സി.പി.എം നേതാവ് മലയാലപ്പുഴ മഹോനൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പ്രഹസനമാണെന്നും ഇതേ തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചതെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബത്തിനും മറ്റും നിരവധി സംശയങ്ങളുണ്ട്. അതെല്ലാം ന്യായവുമാണ്. കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞതിനെയും സി.പി.എം നേതാവ് പിന്തുണച്ചു.
കണ്ണൂർ പരിയാരത്ത് നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം നടത്താൻ ഇടപെട്ടത് കലക്ടർ അരുൺ കെ വിജയനാണെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളെത്തും മുമ്പ് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയത് കലക്ടർ ഇടപെട്ടാണ്. കുടുംബം എത്തും മുമ്പേ എന്തിനായിരുന്നു ഈ ധിറുതി. സംശയങ്ങൾ ദൂരീകരിക്കണം. അതിന് സത്യസന്ധമായ അന്വേഷണം നടന്നേ തീരൂ. കലക്ടർ ഓരോ സമയവും ഓരോന്നു പറയുകയാണ്. ഇയാൾക്ക് സാമാന്യബോധം ഇല്ലേയെന്നും മലയാലപ്പുഴ മോഹനൻ മാധ്യമങ്ങളോട് ചോദിച്ചു.
കണ്ണൂർ ജില്ലാ കലക്ടർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ സ്വാധീനത്തിലാണെന്നാണ് നവീന്റെ കുടുംബം പറയുന്നത്.
കലക്ടറുടെ ഫോൺ കോൾ രേഖകളും കലക്ടറേറ്റ് പരിസരത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണം. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിധ്യത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികൾ നല്കി കലക്ടർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബു തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായുള്ള കലക്ടറുടെ വ്യാജ മൊഴിയും പ്രതിയെ സംരക്ഷിക്കാനാണെന്ന് കുടുംബം വ്യക്തമാക്കി. പ്രതി പി.പി ദിവ്യയും കണ്ണൂർ കലക്ടറും തമ്മിലുള്ള കേസിലെ അവിശുദ്ധബന്ധം സി ബി ഐ അന്വേഷണത്തിലൂടെ തെളിയുമെന്നാണ് പ്രതീക്ഷയെന്നും നവീൻ ബാബുവിന്റെ കുടുംബം പറയുന്നു.