തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും വാദങ്ങൾ രണ്ട് മണിക്കൂറോളം വിശദമായി കേട്ടതിന് ശേഷമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി വെള്ളിയാഴ്ചത്തേക്കു മാറ്റിയത്.
നിലവിൽ കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിലാണിപ്പോൾ ദിവ്യ. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ഒളിവിലായിരുന്ന ദിവ്യ പോലീസിന് മുമ്പാകെ കീഴടങ്ങിയത്.
യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അപമാനിച്ച് ദിവ്യ സംസാരിച്ചതിന് പിന്നാലെയാണ് എ.ഡി.എം ജീവിതം അവസാനിപ്പിച്ചത്. തുടർന്നാണ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. തുടർന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്നും ദിവ്യയെ സി.പി.എം നീക്കിയെങ്കിലും സംഘടനാ തല നടപടി പോലീസ് റിപോർട്ടുകൾക്കു ശേഷം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.
അതോടൊപ്പം മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും സി.പി.എം പറയുന്നു. എന്നാൽ, പ്രതിയെ രണ്ടാഴ്ച ഒളിവിൽ കഴിയാനും അറസ്റ്റിൽനിന്ന് ഒഴിവാക്കാനും സി.പി.എം സഹായിച്ചെന്ന വിമർശം ശക്തമാണ്. പ്രതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജറാകാൻ പോലും തയ്യാറായിരുന്നില്ല. ഇതെല്ലാം സി.പി.എം സഹായത്തോടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതിയുടെ അറസ്റ്റ് നീണ്ടതോടെ കലക്ടറും പ്രതിയും തമ്മിൽ നിർണായകമായ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നെന്നും കലക്ടറുടെയും പ്രതിയുടെയും ഫോൺ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും ഇരയുടെ കുടുംബം അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു.