- എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടി. കോടതിയിൽ എ.ഡി.എമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടിയുടെ നിലപാടല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
തൃശൂർ: പി പി ദിവ്യയെന്ന കേഡറിന് ഒരു തെറ്റു പറ്റിയെന്നും അവരെ കൊല്ലാനല്ല തെറ്റ് തിരുത്താനാണ് പാർട്ടി ശ്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എമ്മിന്റെ എല്ലാ ചുമതലകളിൽനിന്നും ദിവ്യയെ നീക്കിയ പാർട്ടി നടപടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കം തൊട്ടേ സി.പി.എം എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദൻ മാസ്റ്റർ അവകാശപ്പെട്ടു. കോടതിയിൽ എ.ഡി.എമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടിയുടെ നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ദിവ്യക്കെതിരായ നടപടികൾ കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗമാണ് പി.പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താൻ തീരുമാനിച്ചത്. ശേഷം രാത്രി ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിന് അംഗീകാരം നല്കുകയായിരുന്നു. ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യേപോക്ഷ അനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ പകർപ്പ് ഇതുവരെയും പുറത്തുവന്നിട്ടില്ല.