- കേസിന്റെ തുടക്കം മുതൽ പാർട്ടിയുടെ കണ്ണുതുറപ്പിച്ച പത്തനംതിട്ട സി.പി.എം നേതൃത്വത്തിന്റെ നിലപാട് എന്താവും? കുടുംബത്തെ തള്ളി പാർട്ടി സംസ്ഥാന കമ്മിറ്റിക്കൊപ്പം നിൽക്കുമോ, അതോ കുടുംബത്തിനൊപ്പം നിന്ന് വീണ്ടും പാർട്ടിയെ തിരുത്തുമോ?
തിരുവനന്തപുരം: കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി ബി ഐ കൂട്ടിലടിച്ച തത്തയാണെന്നും സി.ബി.ഐ അന്വേഷണം അവസാന വാക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തങ്ങളിപ്പോഴും കുടുംബത്തോടൊപ്പമാണെന്നും അന്നും ഇന്നും എന്നും തങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹരജിയോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സെക്രട്ടറി. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സി ബി ഐ അന്വേഷണത്തെ കുറിച്ച് സി പി എമ്മിന് വ്യക്തമായ നിലപാടുണ്ട്. സി ബി ഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കില്ല. കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സി ബി ഐ. അതിന്റെ ഭാഗമാണ് ഇഡിയും ഐടിയും. ഇത് പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. നവീൻ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹരജിയിൽ ഉന്നയിച്ചിരുന്നു. നിർണായക തെളിവുകൾ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശ്രമിക്കുന്നതെന്ന ആരോപണവും കുടുംബം ഉയർത്തി. താനും കുടുംബാംഗങ്ങളും എത്തുന്നതിനു മുമ്പ് തിടുക്കത്തിൽ ഇൻക്വസ്റ്റ് നടത്തിയതിലും ദുരൂഹതകളുണ്ട്. ഇൻക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലുണ്ട്. കേരള പോലീസിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമാണെന്നും നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ കുടുംബം, പ്രതി സി.പി.എം നേതാവായ രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹരജിയിൽ കേസ് ഡയറി ഹാജറാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹരജി ഡിസംബർ ആറിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
പാർട്ടി കുടുംബത്തിനു പോലും പോലീസ് അന്വേഷണത്തിലുള്ള അതൃപ്തി തുറന്ന് പ്രഖ്യാപിക്കേണ്ടിവന്നത് അഭ്യന്തര വകുപ്പിനും സി.പി.എമ്മിനും കനത്ത പ്രഹരമാണ്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചുപറയുന്ന സി.പി.എം സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുന്നത് കേസിനെ എങ്ങനെ ബാധിക്കുമെന്നതും നിർണായകമാവും. എ.ഡി.എമ്മിന്റെ ദുരൂഹ മരണത്തിൽ, കേസിന്റെ തുടക്കം മുതൽ പാർട്ടി കണ്ണൂർ ഘടകത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കണ്ണു തുറപ്പിക്കുന്ന നിലപാട് സ്വീകരിച്ച സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം പുതിയ സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും വരും മണിക്കൂറുകളിൽ വ്യക്തമാകാനിരിക്കുകയാണ്. കുടുംബത്തെ തള്ളി സംസ്ഥാന കമ്മിറ്റിക്കൊപ്പം നിൽക്കുമോ, അതോ കുടുംബത്തിനൊപ്പം നിന്ന് വീണ്ടും പാർട്ടിയെ തിരുത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.