കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപമാനിക്കലിനും ഭീഷണിക്കും പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ.
പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന കടുത്ത ആരോപണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സി.പി.എം നേതാവായ പി.പി ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത്. എന്നാൽ, ഇതിനാവശ്യമായ തെളിവുകൾ ദിവ്യക്കോ അവരുടെ ഭർത്താവിനോ അവരുടെ കൂടെയുള്ള പ്രശാന്തിനോ ഇതുവരെയും ഹാജറാക്കാനായിട്ടില്ല.
അതേസമയം, പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും മുഖ്യമന്ത്രി പിണറായി വിജയന് നൽകിയെന്നു പറയുന്ന പരാതിയിലുമുള്ള പ്രശാന്തിന്റെ ഒപ്പ് വെവ്വേറെയാണെന്നും ഇത് പരാതി വ്യാജമാണെന്നുമാണ് പുതിയ കണ്ടെത്തൽ. ഇത് കൂടാതെ പെട്രോൾ പമ്പിന് എട്ടാം തിയ്യതി എൻ.ഒ.സി അനുവദിച്ചെന്നാണ് പ്രശാന്ത് പരാതിയിൽ പറയുന്നതെങ്കിലും രേഖകളിൽ എ.ഡി.എം എൻ.ഒ.സി അനുവദിച്ചത് ഒൻപതിന് വൈകിട്ട് മൂന്നിനാണെന്ന് വ്യക്തമാവുന്നു. നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തുമുളളത്. എന്നാൽ മുഖ്യമന്ത്രിക്കുള്ള പരാതിയിൽ പ്രശാന്തൻ ടി.വി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഇന്നലെ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് പ്രതികരിച്ചിരുന്നു.
ഇതോടെ പേരും ഒപ്പും സംബന്ധിച്ച വ്യത്യാസം വലിയ തോതിൽ ചർച്ചയാവുകയാണ്. ചെങ്ങളായിൽ സ്ഥാപിക്കുന്ന പെട്രോൾ പമ്പിന്റെ സംരംഭകൻ ഇതുവരെയും പരാതി നൽകിയില്ലെന്നും അവരെ കാണാമറയത്ത് നിർത്തിയുള്ള ഭീഷണിയിൽ, നവീന്റെ ആത്മഹത്യയ്ക്കു ശേഷമാണ് പരാതി തിയ്യതി മാറ്റിയതെന്ന് അടക്കമുള്ള ആക്ഷേപം നിലനിൽക്കവെയാണ് ഒപ്പിലേയും പേരിലേയും വൈരുധ്യവും ചർച്ചയാകുന്നത്. വൈരുധ്യങ്ങൾ പലതുണ്ടെന്നും പെട്രോൾ പമ്പിനായുള്ള കൈക്കൂലി പരാതി വ്യാജമാണെന്ന സംശയം കൂടുതൽ ബലപ്പെടുത്തുകയാണെന്നും ഇവർ പറയുന്നു.
ശ്രീകണ്ഠപുരം സ്വദേശിയും പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരനുമായ പ്രശാന്തൻ പെട്രോൾ പമ്പ് നിർമാണത്തിനുളള എൻ.ഒ.സിക്കായി നൽകിയ അപേക്ഷ കൈക്കാര്യം ചെയ്തതിൽ എ.ഡി.എം നവീൻ ബാബു കാലതാമസമോ വീഴ്ചയോ വരുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപോർട്ടും വ്യക്തമാക്കുന്നു.
എന്നാൽ, യാത്രയയപ്പ് യോഗത്തിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് വിവാദ പ്രസംഗം നടത്തിയ പി.പി ദിവ്യ മുൻകൂർ ജാമ്യ ഹരജിയിൽ വ്യക്തമാക്കിയതോടെ അന്വേഷണം കലക്ടറിലേക്കും നീങ്ങുകയാണ്. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്ക് പുതിയ ചുമതല നൽകിയിരിക്കുകയാണ്.
സംഭവത്തിൽ കലക്ടർ കൂടി പ്രതിപ്പട്ടികയിലേക്ക് പോകുന്ന സാഹചര്യത്തിൽ അന്വേഷണം കൂടുതൽ സത്യസന്ധവും സുതാര്യവുമാക്കുന്നതിനാണ് റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതല പിതിയ ഉദ്യോഗസ്ഥന് നൽകിയത്. അപ്പോഴും സി.പി.എം നേതാവ് പി.പി ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാകാതെ പോലീസ് നാടകം കളിക്കുകയാണെന്ന ആരോപണം ശക്തമാണ്.