കൊച്ചി: സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിനിടെയാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വൻ തുക സമാഹരിക്കാൻ കുടുംബവും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. വിഷ്ണുവിന്റെ മകൾ കരൾ ദാനം ചെയ്യാൻ തയാറായിരുന്നെങ്കിലും അദ്ദേഹം യാത്രയായി. നടൻ കിഷോർ സത്യ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മരണവിവരം പങ്കുവെച്ചത്.
‘കാശി’, ‘കൈ എത്തും ദൂരത്ത്’, ‘റൺവേ’, ‘മാമ്പഴക്കാലം’, ‘ലയൺ’, ‘ബെൻ ജോൺസൺ’, ‘ലോകനാഥൻ IAS’, ‘പതാക’, ‘മാറാത്ത നാട്’ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച വിഷ്ണു പ്രസാദ്, സീരിയൽ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അഭിരാമി, അനനിക എന്നീ രണ്ട് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്.