കൊല്ലം: പിണറായി വിജയൻ എന്നെ സി.പി.എം രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ, താനത് ‘പറ്റില്ല വിജയേട്ടാ’ എന്നു പറഞ്ഞ് നിരസിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലെത്തിയത് സ്വന്തം തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
‘വിജയേട്ടാ ഇ പരിപാടി എനിക്ക് ഇഷ്ടമല്ലെന്നാണ്’ ഞാൻ പറഞ്ഞത്. ചങ്കുറ്റം ഉണ്ടെങ്കിൽ ഇപ്പറഞ്ഞത് അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജിലെ പൂർവ വിദ്യാർത്ഥികളുടെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ലീഡർ കെ കരുണാകരന്റെയും സഖാവ് ഇ.കെ നായനാരുടെയും നല്ല മകനായിരുന്നു. ഇതിന് ജീവിച്ചിരിപ്പുള്ള ശാരദ ടീച്ചർ സാക്ഷിയാണ്. തനിക്ക് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് എന്നെ രാഷ്ടീയത്തിൽ ഇറക്കിയതെന്നും ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പിയെയും സി.പി.എം നേതാവ് എം നൗഷാദ് എം.എൽ.എയെയും ചൂണ്ടി സുരേഷ് ഗോപി പറഞ്ഞു.
എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർത്ഥനയാണ്. അവിടെയും എന്നെ ചവിട്ടി തേച്ചില്ലെയെന്നും സുരേഷ് ഗോപി ചോദിച്ചു.
ജനങ്ങളുടെ നിശ്ചയപ്രകാരം ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടത്. പൂരം കലക്കിയോ, അവിടെത്തെ ആനയ്ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണ്.
തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.