ദുബായ് – കുപ്പത്തൊട്ടി ഇല്ലാത്തതിനാല്‍ സിഗരറ്റ് കുറ്റി നിലത്ത് വലിച്ചെറിയല്‍ അടക്കം പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന് അബുദാബിയില്‍ ഇനി മുതല്‍ 4,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനുള്ള പിഴകളുടെ പട്ടിക അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കി. പൊതു ഇടങ്ങള്‍ സംരക്ഷിക്കാനും പരിപാലിക്കാനുമാണ് ഈ പിഴകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
മാലിന്യം തള്ളല്‍, അനുചിതമായ മാലിന്യ നിര്‍മാര്‍ജനം, പൊതു സ്ഥലങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കല്‍, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യല്‍, വാഹനങ്ങള്‍ ഉപേക്ഷിക്കല്‍, നിയമവിരുദ്ധമായി പൊതുസ്ഥലത്ത് പരസ്യം ചെയ്യല്‍ തുടങ്ങിയ വിവിധ നിയമലംഘനങ്ങള്‍ക്കുള്ള 70 ലേറെ പിഴകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പ്രത്യേകം നിശ്ചയിച്ച കുപ്പത്തൊട്ടിള്‍ക്ക് പുറത്ത് സിഗരറ്റ് കുറ്റികള്‍ ഉപേക്ഷിക്കുന്നതിന് ആദ്യ തവണ 500 ദിര്‍ഹമും രണ്ടാം തവണ 1,000 ദിര്‍ഹമും മൂന്നാം തവണയും പിന്നീടും ഇതേ നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹമും പിഴ ലഭിക്കും. ഭക്ഷണ, പാനീയ പാക്കുകള്‍ അടക്കം വ്യക്തിഗത മാലിന്യങ്ങള്‍ കുപ്പത്തൊട്ടികള്‍ക്ക് പുറത്ത് ഉപേക്ഷിക്കുന്നതിന് ഇതേ തുക പിഴ ലഭിക്കും. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യങ്ങളോ തത്തുല്യമായ വസ്തുക്കളോ ഉപേക്ഷിക്കുന്നതിന് ആദ്യ തവണ 1,000 ദിര്‍ഹം, രണ്ടാം തവണ 2,000 ദിര്‍ഹം, മൂന്നാം തവണ 4,000 ദിര്‍ഹം എന്നിങ്ങിനെയാണ് പിഴ ചുമത്തുക.
പൊതുദൃശ്യഭംഗി വികലമാക്കുന്നതോ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതോ ആയ രീതിയില്‍ മേല്‍ക്കൂരകളിലും ബാല്‍ക്കണിയിലും വസ്തുക്കള്‍ സൂക്ഷിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നതിന് 500 ദിര്‍ഹം, 1,000 ദിര്‍ഹം, 2,000 ദിര്‍ഹം എന്നിങ്ങിനെയാണ് പിഴ ലഭിക്കുക. മെയിന്‍ റോഡുകള്‍ക്ക് അഭിമുഖമായി ജനാലകള്‍ക്കും വരാന്തകള്‍ക്കും പുറത്ത് വസ്ത്രങ്ങള്‍ തൂക്കിയിടുന്നതിനും മെയിന്‍ റോഡുകള്‍ക്ക് അഭിമുഖമായി ജനാലകളിലും ബാല്‍ക്കണികളിലും പരവതാനികളും കവറുകളും മറ്റു വസ്തുക്കളും വൃത്തിയാക്കുന്നതിനും സ്ഥാപിക്കുന്നതിനും അനുമതിയില്ലാതെ പൂക്കള്‍ പറിക്കല്‍, മരത്തിന്റെ ഇലകള്‍ മുറിക്കല്‍, പനയോലകള്‍ പറിച്ചെടുക്കല്‍ തുടങ്ങി പൊതുപച്ചപ്പിന് കേടുപാടുകള്‍ വരുത്തുന്നതിനും പൊതുസ്ഥലങ്ങളില്‍ കിടന്നുറങ്ങുന്നതിനും ച്യൂയിംഗ് ഗമും സമാനമായ വസ്തുക്കളും പ്രത്യേകം നിശ്ചയിച്ച കുപ്പത്തൊട്ടികള്‍ക്ക് പുറത്ത് പൊതുസ്ഥലങ്ങളില്‍ എറിയുന്നതിനും പൊതുസ്ഥങ്ങളില്‍ വാഹനങ്ങള്‍ വൃത്തിഹീനമായി ഉപേക്ഷിക്കുന്നത് ഉള്‍പ്പെടെ പൊതുദൃശ്യം വികലമാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനും ഇതേ തുകയാണ് പിഴ ലഭിക്കുക.
പൊതുസ്ഥലങ്ങളില്‍ വെറ്റില (പാന്‍) അവശിഷ്ടങ്ങള്‍ തുപ്പുന്നതിനും പൊതുസ്ഥലങ്ങളില്‍ അനധികൃത പരസ്യങ്ങള്‍ പതിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആദ്യ തവണ 1,000 ദിര്‍ഹമും രണ്ടാം തവണ 2,000 ദിര്‍ഹമും മൂന്നാം തവണ 4,000 ദിര്‍ഹമും പിഴ ലഭിക്കും. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ പുകവലിക്കുന്നതിന് 500 ദിര്‍ഹം, 1,000 ദിര്‍ഹം, 2,000 ദിര്‍ഹം എന്നിങ്ങിനെയാണ് പിഴ ലഭിക്കുക. പൊതു ഇടങ്ങളില്‍ അനുവാദമില്ലാതെ ഉച്ചഭാഷിണികളും റേഡിയോകളും ആംപ്ലിഫയറുകളും ഉപയോഗിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ ലേസര്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിനും 1,000 ദിര്‍ഹം, 2,000 ദിര്‍ഹം, 4,000 ദിര്‍ഹം എന്നിങ്ങിനെ പിഴ ചുമത്തുമെന്നും അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group