തിരുവനന്തപുരം– ആശാ വര്‍ക്കര്‍മാരുടെ സമരം 39 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആശാ പ്രവർത്തകരായ എം.എ ബിന്ദു, കെ.പി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് ആദ്യഘട്ടത്തില്‍ നിരാഹാര സമരത്തിനിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത് വെറും പ്രഹസനം മാത്രമായിരുന്നെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. സമരത്തിനിടെ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ വീണ ജോര്‍ജ് ഡഹിയിലേക്ക് പോയതിനെ അവര്‍ വിമര്‍ശിച്ചു.
ഓണറേറിയം 21000 രൂപയാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്. മിനി എന്നിവര്‍ പ്രതികരിച്ചു. ഇന്‍സെന്റീവ് കൂട്ടാനാണ് ആരോഗ്യ മന്ത്രി കേന്ദ്രത്തില്‍ പോയതെങ്കില്‍ നല്ലത്, ഓണറേറിയം കൂട്ടാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണെന്നും നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തിന് പറയാനുള്ളത് കൃത്യമായി പറയുന്നുമെന്നും ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഡല്‍ഹിയില്‍ പോകുന്നതിനിടെ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 19 ബുധനാഴ്ച രാവിലെ ദേശീയ ആരോഗ്യ മിഷന്‍ (എന്‍.എച്ച്.എം) സ്‌റ്റേറ്റ് മിഷന്‍ ഡയറക്ട്രര്‍ ഡോ വിനയ് ഗോയല്‍ ആശാ വര്‍ക്കറുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാറിന്റെ സാമ്പത്തിക ഞെരുക്കം ആശമാര്‍ ഉള്‍ക്കൊള്ളണമെന്നാണ് വിനയ് ഗോയല്‍ മറുപടി പറഞ്ഞത്. പിന്നാലെ ആരോഗ്യ മന്ത്രിയുമായി ആശമാര്‍ ചര്‍ച്ച നടത്തുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ആവിശ്യങ്ങള്‍ പരിഹരിക്കാമെന്നും താല്‍ക്കാലികമായി ആശമാര്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഇതിന് പിന്നാലെയാണ് സമരം കടുപ്പിക്കാന്‍ ആശമാര്‍ തീരുമാനിച്ചത്.