Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൈകളിലേന്തിയ ചെങ്കൊടി ഇപ്പോഴും ഈ നെഞ്ചിൽ ഭദ്രം, രാഹുലിനെ നേരിടുന്ന ആനി രാജ സംസാരിക്കുന്നു

    ടി എം ജയിംസ്By ടി എം ജയിംസ്29/03/2024 Kerala 9 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആനി രാജ
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിരകളിൽ പോരാട്ടവീര്യം. ചിന്തകളിൽ രാജ്യത്തെ ഇരുൾ മൂടുന്നതിലെ വേദന. ഹൃദയത്തിൽ പട്ടിണിപ്പാവങ്ങളോടുള്ള ആർദ്രത. അസാമാന്യ സംഘാടക പാടവം. വിഷയങ്ങൾ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും വൈഭവം. ദീർഘവും അതിവിശാലവുമായ വീക്ഷണം. ഇതെല്ലാം ദേശീയ രാഷ്ട്രീയത്തിലെ മറ്റു വനിതാ നേതാക്കളിൽനിന്നു വ്യത്യസ്തയാക്കുകയാണ് ആനി രാജയെന്ന കമ്മ്യൂണിസ്റ്റിനെ.
    സഹനസമരചരിത്രം നക്ഷത്രശോഭയോടെ തിളങ്ങുന്ന കണ്ണൂർ മണ്ണിൽ പിറന്നതാണ് ആനി. എടവേലി ജി.എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി കൈകളിലേന്തിയ ചെങ്കൊടി
    ഇന്നും ഉയർത്തിപ്പിടിക്കുകയാണ് അവർ. അക്രമവും അനീതിയും വർഗീയതയും ഫണം വിരിക്കുന്നിടങ്ങളിൽ ഉച്ചത്തിൽ മുഴങ്ങുന്നതാണ് ആനിയുടെ ശബ്ദം. സത്യമംഗലം കാടുകളിൽ വീരപ്പൻ വേട്ടയ്ക്കിറങ്ങിയ സംയുക്തസേനയുടെ ക്രൗര്യത്തിനു ഇരകളായ സ്ത്രീകൾക്കു വേണ്ടി ആനി മുന്നിൽനിന്നു നടത്തിയ പോരാട്ടം രാജ്യത്തിനു പുറത്തും ശ്രദ്ധേയമായതാണ്. കലാപങ്ങൾക്കു മറവിൽ അക്രമികൾ വലിച്ചുകീറിയ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതിനു ആനിയുടെ നേതൃത്വത്തിൽ നടത്തിയതും തുടരുന്നതുമായ നിയമ യുദ്ധങ്ങൾ രാജ്യമെങ്ങും സ്ത്രീ ഹൃദയങ്ങളെ സ്പർശിച്ചതാണ്. ഭീമ കൊറേഗാവ്, മണിപ്പുർ വിഷയങ്ങളിൽ ഇടപെട്ട അവർ ഇടതുപക്ഷമെന്നാൽ ജനപക്ഷമാണെതിനു അടിവരയിട്ടു.


    തമിഴ്‌നാട്ടിൽനിന്നുള്ള ദളിത് കുടുംബാഗം ഡി.രാജ ജീവിത സഖാവായി എത്തിയത് ആനിയുടെ രാാഷ്ട്രീയ ജീവിതത്തിന്റെ ശോഭയ്ക്കു മാറ്റുകൂട്ടി. ഡി.രാജ നിലവിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയാണ്. ആനി പാർട്ടി ദേശീയ നിർവാഹക സമിതി അംഗവും. പാർട്ടിയുടെ വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ സാന്നിധ്യം ഉറപ്പിച്ച ആനി നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമാണ്. 58 വയസാണവർക്ക്. ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർഥിനിയും യൂത്ത് ഫെഡറേഷൻ ദേശീയ കമ്മിറ്റിയംഗവുമായ അപരാജിത രാജ ഏക മകളാണ്.
    രാജ്യത്തെ ആകെ വിഴുങ്ങാൻ ഫാസിസം എന്ന ഘോരാന്ധകാരം വായ് പിളർന്നുനിൽക്കുന്ന ഘട്ടത്തിലാണ് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുന്നതിനു ആനി രാജയെ സി.പി.ഐ ദേശീയ നേതൃത്വം നിയോഗിച്ചത്. മൂന്നാഴ്ചയിലധികമായി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള അവർ ജാതി,മത,വർഗ,ലിംഗ, പ്രായഭേദമന്യേ സമ്മതിദായകരുടെ ഹൃദയം കീഴടക്കുകയാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന യാത്രകൾക്കിടെ നിരവധി ചോദ്യങ്ങൾക്കാണ് ആനി മറുപടി പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    *ജനാധിപത്യ സംവിധാനത്തിൽ ഒരാളുടേതായി ഒരു പാർലമെന്റ് മണ്ഡലവും ഇല്ല
    2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചതാണ് വയനാട് മണ്ഡലം. നിലവിൽ കോൺഗ്രസും സി.പി.ഐയും ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. എന്നിരിക്കേ രാഹുൽഗാന്ധിയുടെ സിറ്റിംഗ് മണ്ഡലത്തിൽ ഇടതുപക്ഷം എന്തിനു മത്സരിക്കുന്നു എന്നതാണ് യു.ഡി.എഫ് ഉയർത്തുന്ന ഒരു ചോദ്യം. ഇതിനു ആനി രാജയുടെ മറുപടി ഇങ്ങനെ:
    ജനാധിപത്യത്തെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തതുകൊണ്ടാണ് യു.ഡി.എഫിലുള്ളവർ ഇത്തരം ചോദ്യം ഉയർത്തുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഒരാളുടേതായി ഒരു പാർലമെന്റ് മണ്ഡലവും ഇല്ല. മണ്ഡലം ജനങ്ങളുടേതാണ്. ജനങ്ങളെയാണ് ഒരാൾ പാർലമെന്റിൽ പ്രതിനിധാനം ചെയ്യുന്നത്. ഒരു പ്രത്യേക കാലത്തേക്കാണ് ഒരാളെ ജനം തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ മറ്റൊരു അവസരമാണ്. നിലവിലുള്ളയാൾ മത്സരിക്കുന്നുവെങ്കിൽ അയാളെ തെരഞ്ഞെടുക്കണോ പുതിയ ആളെ വിജയിപ്പിക്കണോ എന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. എന്നിരിക്കെ സിറ്റിംഗ് സീറ്റെന്നു പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യ സഖ്യം ദേശീതലത്തിലുണ്ട്.

    എല്ലാ സംസ്ഥാനങ്ങളിലും നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് സഖ്യം പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് കേരളത്തിൽ നീക്കുപോക്ക് നടത്തേണ്ട ഉത്തരവാദിത്തം എ.ഐ.സി.സി.ക്കായിരുന്നു. പക്ഷേ, അവർ അതിൽ പരാജയപ്പെട്ടു. കെ.സി.വേണുഗോപാലാണ് ഇതിനു കാരണമായതെന്നു സംസാരമുണ്ട്. കേരളത്തിൽ 10 കോൺഗ്രസുകാർ ജയിച്ചാലേ വേണുഗോപാലിനു രാഹുൽഗാന്ധിയുടെ വട്ടത്തിൽ നിൽക്കാൻ കഴിയൂ എന്ന വർത്തമാനം യു.ഡി.എഫിലുള്ളവർതന്നെ പറയുന്നുണ്ട്. സ്ഥാനാർഥികളെ ഇടതുപക്ഷം ആദ്യം തീരുമാനിച്ചു. അതനുസരിച്ച് പ്രവർത്തവുമായി മുന്നോട്ടുപോകുകയായാണ്.
    മുഖ്യശത്രുക്കളായി ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റുകളെയുമാണ് കോൺഗ്രസ് കാണുന്നത്. രാഹുൽഗാന്ധിയെന്ന വലിയ കോൺഗ്രസുകാരനെ കേരള കോൺഗ്രസുകാരനാക്കി മാറ്റുകയാണ് വേണുഗോപാലും കൂട്ടരും ചെയ്തത്. കോൺഗ്രസുകാരിൽ ചിലരുടെ സങ്കുചിത താത്പര്യമാണ് രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ വിജയിച്ചത്. രാഹുൽഗാന്ധിയെ ബലിയാടാക്കി രണ്ട് സീറ്റ് കൂടുതൽ പിടിക്കണമെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യമാണ് നിറവേറിയത്. രാജ്യം നേരിടുന്ന പ്രതിസന്ധികൾ അവർക്കു വിഷയമല്ല. മൃദു ബി.ജെ.പി സമീപനം സ്വീകരിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഇടതുപക്ഷത്തിനൊപ്പം നിൽക്കാത്തതിനു കാരണവും അതാണ്. വിശാല വീക്ഷണം കോൺഗ്രസിനില്ല. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനു നിലകൊള്ളണമെന്ന നിർബന്ധവും അവർക്കില്ല.

    *ബി.ജെ.പിക്കു പ്രചാരാണായുധം നൽകിയത് കോൺഗ്രസ്
    ഇന്ത്യ മുന്നണിയിൽപ്പെട്ടവർ വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നത് കേരളത്തിനുപുറത്ത് പ്രചാരണായുധമാക്കാൻ ബി.ജെ.പിക്കു അവസരം നൽകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എ.ഐ.സി.സിയാണ്. കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനുള്ള വടി ബി.ജെ.പിക്കു എറിഞ്ഞുകൊടുക്കുന്നതിനെക്കുറിച്ച് രാഹുൽഗാന്ധിയും ആലോചിക്കേണ്ടതായിരുന്നു. ഇന്ത്യ സഖ്യത്തിൽ നേതൃപരമായ പങ്കുവഹിക്കുന്നയാൾക്ക് വിശാലമായ താത്പര്യങ്ങളും കാഴ്ചപ്പാടും ഉണ്ടാകണം. ഇതിന്റെ അഭാവം സൂചിപ്പിക്കുന്നതാണ് വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം. ഇടതുപക്ഷത്തെ തോൽപ്പിച്ച് ഒരു സീറ്റു നേടുകയാണോ മോദി ഭരണത്തിനു തഴുതിടുകയാണോ പ്രധാനമെന്ന ജനങ്ങളുടെ ചോദ്യത്തിന് കോൺഗ്രസ് മറുപടി പറയണം.

    *രാജ്യത്തെ ബ്രാഹ്മണിക്കൽ മതാധിപത്യ രാജ്യമാക്കാൻ നീക്കം
    പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരായ സമരങ്ങളെ പത്തുവോട്ടും രണ്ടു സീറ്റുമായി കൂട്ടിക്കുഴയ്ക്കരുത്. മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യത്തിനുള്ള വലിയ ആഘാതമാണ് പൗരത്വ നിയമ ഭേദഗതി. രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണത്. രാജ്യത്തെ ബ്രാഹ്മണിക്കൽ മതാധിപത്യ രാജ്യമാക്കി മറ്റുകയാണ് പൗരത്വനിയമം ഭേദഗതി ചെയ്തവരുടെ ലക്ഷ്യം. ആർ.എസ്.എസ് അജൻഡയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രമാണ് ബാധിക്കുകയെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ശരിയല്ല. നിയമഭേദഗതി നടപ്പാക്കുന്നത് ജനാധിപത്യ, മതേതര രാജ്യമെന്ന ഭാരതത്തിന്റെ ഇമേജിനെത്തന്നെ ബാധിക്കും. തെരഞ്ഞെടുപ്പിൽ മതധ്രൂവീകരണം നടത്തിയും ഹിന്ദുക്കളെയെല്ലാം മുസ്‌ലിംകൾക്കു എതിരാക്കിയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്ത് വിതച്ചും വിളവെടുക്കാനുള്ള പദ്ധതിയുടെ അന്തിമഘട്ടത്തിലുള്ളതാണ് പൗരത്വ നിയമ ഭേദഗതി. രാജ്യത്തിനും ഭരണഘടനയ്ക്കും എതിരായതുകൊണ്ടാണ് വിഷയത്തിൽ ഇടതുപക്ഷം ശക്തമായ നിലപാട് സ്വീകരിച്ച് പോരാട്ടം നടത്തുന്നത്. പൗരത്വ നിയമ ഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റെ ‘ഷാഹിൻബാഗുകൾ’ ഉണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ ഏറ്റവും മുന്നിൽ ഇടതുപക്ഷമാണ്. ഈ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന് വോട്ടർമാർ ഇടതുപക്ഷത്തിനു ഒപ്പം നിൽക്കുമെന്നാണ് കരുതുന്നത്. ഹിന്ദുക്കളെല്ലാം മതാധിഷ്ഠിത രാഷ്ട്രവാദത്തെ അനുകൂലിക്കുന്നവരാണെന്ന ധാരണ ഇടതുപക്ഷത്തിനില്ല.

    *ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകൾ പിന്തുണയ്ക്കുമെന്ന് വിശ്വാസം
    ദേശീയ മഹിളാ ഫെഡറേഷൻ നേതാവ് എന്ന നിലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകൾ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്‌ലിം വനിതകളുടെ പിന്തുണ ലഭിക്കുന്നതിനു സഹായകമാകുമെന്നാണ് കരുതുന്നത്. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സ്ത്രീകൾക്ക് അന്തസോടെ കടന്നുപോകുന്നതിനു സാഹചര്യമൊരുക്കുന്നതിനുള്ള പോരാട്ടമാണ് ദേശീയ മഹിളാ ഫെഡറേഷൻ നടത്തുന്നത്. ഫണ്ട്, പ്രോജക്ട്, ഇഷ്യൂ അടിസ്ഥാനപ്പെടുത്തിയുള്ള സമരങ്ങളല്ല ഫെഡറേഷൻ നടത്തുന്നത്. ഓരോ കാലത്തും പ്രത്യേകമായി വരുന്ന മനുഷ്യാവകാശം, സ്ത്രീ തുല്യത, ദാരിദ്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഫെഡറേഷൻ ഏറ്റെടുത്ത് ഒറ്റയ്ക്കും കൂട്ടായും നടത്തുന്നുണ്ട്. വർഗീയശക്തികൾ മതത്തിന്റെ പേരിൽ ആളുകളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ പ്രതിരോധമാണ് മഹിളാ ഫെഡറേഷൻ ഉയർത്തുന്നത്. ജവർലാൽ നെഹ്‌റുവിന്റെ കാലത്ത് പൂട്ടിയിട്ട ബാബറി മസ്ജിദ് സമുച്ചയം രാജീവ്ഗാന്ധി തുറന്നുകൊടുത്തതുമുതൽ ഭീതിയിൽ ജീവിക്കുന്നതാണ് മുസ്‌ലിം സമുദായം. ഗുജറാത്ത് കലാപം മുതൽ ഇങ്ങോട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറതും വലുതുമായ നൂറുകണക്കിനു കലാപം ഉണ്ടായി. ഇത് മുസ്‌ലിം ജനതയെ കൂടുതൽ ഭയത്തിലേക്കും അരികുവത്കരണത്തിലേക്കും നയിച്ചു. 2014 വരെ തിരശീലയ്ക്കു പിന്നിൽനിന്നു ഭരണത്തിൽ ഇടപെട്ട ആർ.എസ്.എസ് മുന്നിലേക്കു വരികയും ബി.ജെ.പിയെ കൈചൂണ്ടി വഴിനടത്തി ഭരണം നയിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ജനത കാണുന്നത്.

    ദൂരദർശനും ഓൾ ഇന്ത്യാ റേഡിയോയും ഉൾപ്പെടെ മാധ്യമങ്ങളിലൂടെയാണ് ആർ.എസ്.എസ് നേതാവ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. തുടക്കത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു നേരേയായിരുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തിനു ക്രിസ്ത്യൻ വിഭാഗങ്ങളും നേരിടേണ്ട സാഹചര്യമാണ് നിലവിൽ. മുസ്‌ലിം, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇതിനെതിരേ ദേശീയ മഹിളാ ഫെഡറേഷൻ മറ്റു സംഘടനകളുടെയും പിന്തുണ ഉറപ്പുവരുത്തി ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. ബിൽകിസ് ബാനു കേസിൽ നടത്തിയ ഇടപെടൽ ഇതിനുദാഹരണമാണ്. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിനു ഇരകളെ അവർ ഒറ്റയ്ക്കല്ല എന്നു ബോധ്യപ്പെടുത്താൻ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ യു.എ.പി.എ കേസുകൾ അടക്കം നേരിടേണ്ടിവന്നിട്ടുണ്ട്. മഹാരാഷ്്ട്രയിലെ ഭീമ കൊറേഗാവ് വിഷയത്തിൽ അക്കാദമിസ്റ്റുകളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഉൾപ്പെടെ 16 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തു ജയിലിലാക്കി. ഇതിൽ ഫാ.സ്റ്റാൻ സ്വാമി ജയിൽവാസത്തിനിടെയാണ് മരണപ്പെട്ടത്. മധ്യപ്രദേശിലെ ഝബുവയിലും ഒഡീഷയിലെ ഖന്തമാലിലും ക്രിസ്ത്യാനികൾക്കു എതിരായി നടന്ന കലാപങ്ങളിൽ ഇരകൾക്കു നീതി ലഭ്യമാക്കാൻ ഫെഡറേഷൻ മുന്നിട്ടിറങ്ങി. ഇതൊന്നും തെരഞ്ഞെടുപ്പും വോട്ടും മുന്നിൽക്കണ്ടല്ല. മണിപ്പുർ കലാപം ഭരണകൂടസൃഷ്ടിയാണെന്നു വിളിച്ചുപറഞ്ഞതിനാണ് ദേശദ്രോഹത്തിനു കേസെടുത്തത്. ഇക്കാര്യങ്ങൾ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ സ്ത്രീകളടക്കം തിരിച്ചറിയുന്നുണ്ട്. അതിക്രമങ്ങൾക്കെതിരേ ഫെഡറേഷൻ നടത്തുന്ന പോരാട്ടങ്ങൾ തുടരാനും ശക്തിപകരാനും കഴിയുന്ന വിധത്തിൽ നിലകൊള്ളുന്നതിനെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾ ചിന്തിക്കുമെന്നുതന്നെയാണ് കരുതുന്നത്.

    *വോട്ട് ചെയ്തു വിജയിപ്പിക്കുന്നയാൾ കൂടെ ഉണ്ടാകണമെന്നത് ജനങ്ങളുടെ അവകാശം
    എം.പി എന്ന നിലയിൽ രാഹുൽഗാന്ധിയുടെ അഞ്ചു വർഷത്തെ പ്രവർത്തനം വോട്ടർമാർ തീർച്ചയായും വിലയിരുത്തും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനത്തിനു എത്തുമ്പോൾ പലരിൽനിന്നും, ജയിപ്പിച്ചാൽ ഇവിടെ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവരാനും പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും എം.പി എന്ന നിലയിൽ രാഹുൽഗാന്ധിക്കു കഴിഞ്ഞില്ല. ഇതിലുള്ള രോഷം വോട്ടർമാരിൽ ശക്തമാണ്. തെരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിലും അതു ജയമാണ്. ഭൂരിപക്ഷം എത്ര വലുതായാലും മണ്ഡലത്തിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നില്ലെങ്കിൽ ജനപ്രതിനിധിയെ ‘ബിഗ് സീറോ’ ആയേ ജനം വിലയിരുത്തൂ. വോട്ട് ചെയ്തു വിജയിപ്പിക്കുന്നയാൾ കൂടെ ഉണ്ടാകണമെന്നത് ജനങ്ങളുടെ അവകാശമാണ്. രൂപീകരണകാലം മുതൽ ഇതുവരെ വയനാട് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്തത് കോൺഗ്രസിൽനിന്നുള്ളവരാണ്. ഇവരിൽ ആരിൽനിന്നും മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിൽ ഉത്സാഹം ഉണ്ടായില്ല. മണ്ഡലത്തിലെ ജനങ്ങൾക്ക് ഇതൊക്കെ മതിയെന്ന സമീപനമാണ് രാഹുൽഗാന്ധിയിൽനിന്നും ഉണ്ടായത്. ഇത് വിലയിരുത്തുന്ന ജനം എന്തുകൊണ്ട് ഇടതുപക്ഷത്തിനു ഒരവസരം കൊടുത്തുകൂടാ എന്ന ആലോചിക്കും.

    *ഒരു സർക്കാരിനും നൂറുശതമാനം പെർഫെക്ടാകാൻ കഴിയില്ല
    എൽ.ഡി.എഫ് സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്ന യു.ഡി.എഫ് വിമർശനത്തിൽ കഴമ്പില്ല.
    ഒരു സർക്കാരിനും നൂറുശതമാനം പെർഫെക്ടാകാൻ കഴിയില്ല. പ്രളയം, കോവിഡ് പ്രതിസന്ധികളെ നേരിട്ടപ്പോൾ സംസ്ഥാനത്തെ മുഴുവൻ മെക്കാനിസവും ജനങ്ങൾക്കൊപ്പം നിലകൊണ്ടു. മഹാമാരിയിൽ ലോകം തരിച്ചുനിന്നപ്പോൾ അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ജനങ്ങൾക്കു ഒരുക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പരാതികൾ പലതും ഉണ്ടെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോൾ കൂടെ നിൽക്കുന്നതാണ് ഇടതുപക്ഷ സർക്കാരെന്ന് ജനങ്ങൾക്കറിയാം. അവകാശപ്പെട്ട ഫണ്ടുകൾ സമയബന്ധിതമായി നൽകാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ തെരഞ്ഞെടുപ്പുകാലത്ത് ഒന്നിളക്കാനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ ഗൂഢ പദ്ധതിയാണ് ക്ഷേമ പെൻഷൻ വിതരണത്തെയടക്കം ബാധിച്ചത്. മറിയക്കുട്ടിച്ചേടുത്തിയെ ചട്ടിയെടുപ്പിച്ച് നാടുമുഴുവൻ കൊണ്ടുനടന്നവരുടെ മനസിൽ ജനങ്ങളെ പിണറായി സർക്കാരിനു എതിരാക്കുകയെന്ന രാഷ്ടീയ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അർഹമായ ഫണ്ട് കേന്ദ്രത്തിൽനിന്നു ലഭിക്കുന്നതിനു സർക്കാർ സുപ്രീം കോടതിയിൽവരെ പോയി. ഇക്കാര്യങ്ങൾ ഇടതുപക്ഷ പ്രവർത്തകർ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ചെറിയ കാലയളവിൽ ചെറിയതോതിലായാലും മാന്ദ്യം ഉണ്ടായതിനു കാരണം കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങളാണ്. ബി.ജെ.പിയെ സംസ്ഥാനത്ത് തലപൊക്കാൻ അനുവദിക്കാത്തതാണ് പകയ്ക്കു കാരണം. ഈ യാഥാർഥ്യം ജനം തിരിച്ചറിയുന്നുണ്ട്.

    *വിജയ സാധ്യത
    വ്യത്യസ്ത ഭൂപ്രകൃതിയുളളതാണ് വയനാട് പാർലമെന്റ് മണ്ഡലം. ഏഴ് നിയോജകമണ്ഡലങ്ങളുള്ള മണ്ഡലത്തിൽ എൽ.ഡി.എഫ് വിനോദസഞ്ചാരത്തിനു ഇറങ്ങിയതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത് ജയിക്കുന്നതിനാണ്. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് താമശക്കശളിയല്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും നിലനിൽപ്പിന്റെ വിഷയമാണ് മുന്നണിക്കു മുന്നിലുള്ളത്. ജനാധിപത്യത്തിനും മതേതരത്വത്തിനും മുന്നിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഉത്തരവാദിത്തം എൽ.ഡി.എഫിനുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
    രാജ്യം ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഇരുണ്ടകാലം കൊണ്ടുവന്നത് ഫാസിസമാണ്. ഹിറ്റ്‌ലർ എന്തെല്ലാം ജർമനിയിൽ നടത്തിയോ അതല്ലൊം ഇവിടെയും സംഭവിക്കുമെന്ന ഭയമാണ് ജനങ്ങളിൽ. ഫാസിസത്തിന്റെ തിക്തഫലങ്ങൾ ഇവിടെ വിളയരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷവും. ഇവിടെയാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത. എം.പിയുടെ തുടർച്ചയായ അസാന്നിധ്യം വയനാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ മറ്റൊരു സാധ്യതയാണ്. കാർഷികത്തകർച്ച, വന്യജീവി ആക്രമണം, ദേശീയ പാതയിലെ രാത്രിയാത്ര നിയന്ത്രണം തുടങ്ങി
    മണ്ഡലത്തിലെ ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും എതിരായ വെല്ലുവിളികൾ നേരിടുന്നതിനുള്ള ശ്രമം പാർലമെന്റിൽ നടത്താൻ രാഹുൽഗാന്ധി പരാജയപ്പെട്ടു. ഇക്കാര്യത്തിൽ സമ്മതിദായകർക്കുള്ള തിരിച്ചറിവ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.

    *എ.ഐ.എസ്.എഫിലെത്തിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ
    എന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണ്. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പിതാവ്. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള പാർട്ടി ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടിലെ നാലുമക്കളിൽ ഇളയതാണ് താൻ. മൂത്ത സഹോദരൻമാർ രണ്ടു പേർ ആറളം ഫാമിലെ തൊഴിലാളികളും എ.ഐ.ടി.യു.സി പ്രവർത്തകരുമായിരുന്നു. എ.ഐ.എസ്.എഫിലും എ.ഐ.വൈ.എഫിലും സജീവമായിരുന്നു നേരേ മൂത്ത സഹോദരൻ. എടവേലി ജി.എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ചെങ്കൊടി പിടിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഖാവ് സി.കെ.ചന്ദ്രപ്പന് നാട്ടുകാർ നൽകിയ സ്വീകരണച്ചടങ്ങിലായിരുന്നു അത്. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നേരേ മൂത്ത സഹോദരൻ ജോസ് ആദ്യമായി എ.ഐ.എസ്.എഫ് യോഗത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയതും സംഘടനയിൽ അംഗത്വം നൽകിയതും. പിന്നീട് യൂണൈറ്റഡ് പേരവൂർ മണ്ഡലം എ.ഐ.എസ്.എഫ് സെക്രട്ടറിയായി. ജില്ലാ സഹ ഭാരവാഹിയായും പ്രവർത്തിച്ചു. കുടുംബാംഗങ്ങളിൽ അമ്മ പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുമായിരുന്നില്ല. എങ്കിലും പെൺകുട്ടിയായ താൻ വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുന്നത് അവർ വിലക്കുയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിരുന്നില്ല. കണ്ണൂർ ജില്ലയിലെ ഓരോ കോളേജിലും സ്‌കൂളിലും പി.വി. കുഞ്ഞിരാമൻ, പയ്യന്നൂർ വി. ബാലൻ തുടങ്ങിയവർക്കൊപ്പം എത്തിയാണ് എ.ഐ.എസ്.എഫിനു കരുത്തുപകർന്നത്.

    18 വയസുള്ളപ്പോഴാണ് കണ്ണൂർ ജില്ലയിൽ കേരള മഹിളാ സംഘത്തിന്റെ ചുമതലയേൽക്കുന്നത്. എ.ഐ.വൈ.എഫ് ജില്ലാ കൺവൻഷനിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ച് മഹിളാ സംഘത്തിന്റെ ചുമതലയേൽക്കണമെന്ന് നിർദേശിച്ചത്. അതുവരെ മഹിളാ സംഘത്തിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിരുന്നില്ല.
    ബാലൻ എന്ന പേരിലും അറിയപ്പെടുന്നയാളാണ് പിതാവ്. ഭൂസമരക്കേസുകളിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. ഒരുനാൾ പിതാവ് ആറളത്ത് ഒരു ചായക്കടയിലിരിക്കെയാണ് പോലീസ് അന്വേഷിച്ചെത്തിയത്. നീയല്ലേ തോമസ് എന്നു ചോദിച്ച്് പോലീസ് കോളറിനു പിടിച്ചപ്പോൾ ചായക്കടക്കാരൻ അബ്ബാസ് ഇടപെട്ടു. ഇതു തോമസ് അല്ലെന്നും ബാലൻ ആണെന്നും പോലീസുകാരോടു പറഞ്ഞു. താൻ തോമസല്ല, ബാലനാണെന്നു പിതാവും പറഞ്ഞതോടെ അറസ്റ്റിനെത്തിയ പോലീസ് മടങ്ങി. ഇതിനുശേഷമാണ് പിതാവ് ബാലൻ എന്നു അറിയപ്പെട്ടത്. ആളുകൾ ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഈ സംഭവത്തിനുശേഷമാണ് താനും നേരേ മൂത്ത സഹോദരനും പിറക്കുന്നത്. പിതാവിനെ ക്രിസ്ത്യാനികൾ സാധാരണ ചാച്ചൻ എന്നാണ് വിളിക്കുന്നത്. എന്നാൽ ഞങ്ങൾ മക്കൾ അദ്ദേഹത്തെ അച്ഛൻ എന്നാണ് മക്കൾ വിളിച്ചിരുന്നത്. സംഘടനാ പ്രവർത്തനത്തിൽ അച്ഛന്റെ പ്രോത്സാഹനം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്.

    *എങ്ങനെ തമിഴകത്തിന്റെ മരുമകളായി
    എഐവൈഎഫിന്റെ നേതൃത്വത്തിൽ 1988ൽ കാസർഗോഡുനിന്നു തിരുവനന്തപുരത്തേക്ക് നടന്ന 51 പേർ പങ്കെടുത്ത 33 ദിവസം നീണ്ട വനിതാമാർച്ചിൽ പാർട്ടി നിർദേശിച്ചതനുസരിച്ച് മഹിളാസംഘത്തെ പ്രതിനിധാനം ചെയ്ത് താനും സി.ആർ.റോസ്‌ലിയും പങ്കെടുത്തു. വനിതാ മാർച്ച് സമാപന സമ്മേളനം എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി ഡി.രാജയാണ് ഉദ്ഘാടനം ചെയ്തത്. 1989ൽ 12 യുവതികളെ സി.പി.ഐ കേരള ഘടകം മോസ്‌കോയിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിനു അയച്ചു. ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത് തന്നെയാണ് നിയോഗിച്ചത്. ആറു മാസത്തെ പഠനത്തിനുശേഷം തിരിച്ചുവന്നപ്പോഴാണ് എ.ഐ.വൈ.എഫിന്റെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്നവരും സഖാവ് രാജയുടെ സ്‌നേഹിതരായ കെ.പി.ജയദീപ്, പല്ലവ് സെൻ ഗുപ്ത എന്നിവരും രാജയുമായുള്ള വിവാഹാലോചന ആദ്യം കൊണ്ടുവന്നത്. വീട്ടിൽ കല്യാണാലോചന തുടങ്ങിയപ്പോൾ വരൻ ദളിത് വിഭാഗത്തിൽപ്പെടുന്നയാളാകണമെന്നു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഖാവ് രാജയുമായുള്ള വിവാഹാലോചന. ഇതിനിടെ രാജയും താനുമായുള്ള വിവാഹം നിശ്ചയിച്ചതായി പല്ലവ് സെൻ ഗുപ്ത വൈ.എഫ് സഖാക്കൾക്കിടിയിൽ പ്രചരിപ്പിച്ചു. ഇതേക്കുറിച്ച് അറിഞ്ഞതിനുശേഷമാണ് താനും രാജയും ആദ്യമായി വിവാഹക്കാര്യം സംസാരിച്ചത്.
    സ്ത്രീധനം കൊടുത്തുള്ള വിവാഹം വേണ്ടെന്നും സ്വർണം ഉപയോഗിക്കില്ലെന്നും നേരത്തേ തീരുമാനിച്ചതാണ്. പെൺമക്കളുടെ വിവാഹത്തിനും തുടർന്നുള്ള ചെലവുകൾക്കും പണം കണ്ടെത്താൻ രക്ഷിതാക്കൾ അനുഭവിക്കുന്ന വേദന അറിഞ്ഞിട്ടുണ്ട്. ഭാര്യയുടെ കെട്ടുതാലി പോലും വിറ്റ് മദ്യം കഴിക്കുന്ന ഭർത്താക്കൻമാരെയും താലി വിറ്റുതുലയ്ക്കാൻ കൊടുക്കാത്തതിനു അടി വാങ്ങുന്ന ഭാര്യമാരെയും കണ്ടിട്ടുണ്ട്. ഇതാണ് സ്ത്രീധനവിവാഹം വേണ്ടെന്നും സ്വർണം ഉപയോഗിക്കില്ലെന്നുമുള്ള തീരുമാനത്തിലേക്ക് നയിച്ചത്. രാജ സഖാവുമായി സാസംരിക്കുമ്പോൾ ഇക്കാര്യങ്ങൾ താൻ പറയുകയും അദ്ദേഹം സന്തോഷത്തോടെ അംഗീകരിക്കുകയുമായിരുന്നു. കണ്ണൂർ ചേംബർ ഹാളിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്നന്നേതുപോലെ മുത്തുമാലയാണ് അന്ന് അണിഞ്ഞത്. താലികെട്ട് ഉണ്ടായിരുന്നില്ല. പരസ്പരം പൂമാലയിടുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരിട്ടി എത്തിയപ്പോൾ സഖാവ് രാജയെ അദ്ദേഹത്തിന്റെ മാതാവ് ചെറിയ സ്വർണമാല എൽപ്പിച്ചു. ഇത് തന്നെ അണിയിക്കാൻ മകനെ ഉപദേശിച്ചു. മരുമകൾ സ്വർണം ഉപയോഗില്ലെന്നു രാജ പറഞ്ഞപ്പോൾ മാതാവ് മാല പഴ്‌സിൽ വയ്ക്കുകയാണ് ചെയ്തത്.

    *തമിഴ് പഠിപ്പിച്ചത് ഭർതൃമാതാവ്
    മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയാം. തെലുങ്ക്, ബംഗാളി ഭാഷകളിൽ പരിമിത ജ്ഞാനവുമുണ്ട്. അമ്മായിയമ്മയാണ് തമിഴ് പഠിപ്പിച്ചത്. നോർത്ത് ആർക്കാട് ജില്ലയിലെ ഗുഡിയാത്തം താലൂക്കിലെ ചിത്താത്തൂർ ഗ്രാമത്തിലുള്ള ദ്വരൈ സ്വാമി-നായകം ദമ്പതികളുടെ മകനാണ് സഖാവ് രാജ. ഭൂരഹിത പട്ടികജാതി കുടുംബാംഗമായിരുന്നു രാജ. പാലാർ നദിയുടെ തീരത്തു പ്ലാസ്റ്റിക്കും ഹാർഡ് ബോർഡ് കഷണങ്ങളും പുല്ലും മറ്റും ഉപയോഗിച്ചു നിർമിച്ച, കുനിഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യേണ്ട കുടിലായിരുന്നു ഭർതൃഗൃഹം. ഭപ്രദേശത്ത് പട്ടികജാതി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ ഉച്ചഭക്ഷണ പാചകക്കാരിയായിരുന്നു നായകം. കർഷക തൊഴിലാളിയായിരുന്നു ദ്വൈരൈ സ്വാമി. നാട്ടുകൂട്ടം തലവനുമായിരുന്നു അദ്ദേഹം. മാതാവ് സ്‌കൂളിലെ ഉച്ചക്കഞ്ഞി പാചകക്കാരിയായതാണ് രാജ സഖാവടക്കം മക്കളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനു സഹായകമായത്. തെരുവു വിളക്കിന്റെ വെളിച്ചത്തിലാണ് രാജ വായിക്കുകയും പഠിക്കുകയും ചെയ്തത്. വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ചിത്താത്തൂർ ഗ്രാമത്തിലെ ആദ്യ ബിരുദധാരിയാണ് സഖാവ് രാജ. ഗണിതശാസ്ത്രത്തിലായിരുന്നു ബിരുദം.
    രാജ സഖാവിന്റെ മാതാവ് കമ്മ്യൂണിസ്റ്റല്ല. പക്ഷേ, കമ്മ്യൂണിസ്റ്റിനേക്കാൾ മാനുഷികാന്തസിനു പ്രാധാന്യം നൽകുന്ന സ്്ത്രീയായിരുന്നു അവർ. തമിഴ്‌നാട്ടിലെ ആചാരം അനുസരിച്ച് ഭാര്യവീട്ടിൽനിന്നു പാത്രങ്ങൾ അടക്കം ധാരാളം ഗാർഹിക ഉപകരണങ്ങൾ ഭർതൃവീട്ടിൽ എത്തണം.എന്നാൽ ഒരു മൊട്ടുസൂചിപോലും ഇല്ലാതെയാണ് താൻ അവരുടെ കുടുംബത്തിലേക്കു ചെന്നത്.
    വിവാഹശേഷം വൈകാതെ രാജ സഖാവ് ചൈനയ്ക്കു പോയി. തമിഴിൽ ഒരു വാക്കുപോലും പറയാൻ തനിക്ക് അറിയുമായിരുന്നില്ല. ഭർതൃമാതാവാണ് തമിഴ് എഴുതാനും വായിക്കാനും പഠിപ്പിച്ചത്. സ്ലേറ്റ് വാങ്ങിവന്ന അവർ വൈകുന്നരം പഠിക്കാനിരിക്കുന്ന കൊച്ചുമക്കൾക്കു ഒപ്പം ഇരുത്തിയാണ് തന്നെ തമിഴ് അഭ്യസിപ്പിച്ചത്. ഡൽഹിയിലായിരിക്കുമ്പോൾ വീട്ടിലേക്ക് തമിഴിൽ കത്ത് എഴുതുമായിരുന്നു. പലപ്പോഴും അസാമാന്യ ധൈര്യം കാട്ടിയിരുന്ന വനിതയുമായിരുന്നു നായകം. രാജ സഖാവിന്റെ സഹോദരങ്ങളിൽ ഒരാൾ പ്രണയിച്ച മേൽജാതിക്കാരിയായ പെൺകുട്ടിയെ അവളുടെ വീട്ടിൽനിന്നു ഇറക്കിക്കൊണ്ടുവരാൻപോലും അവർ മടിച്ചില്ല. മക്കളുടെ സന്തോഷമാണ് അവർ ഏറ്റവും വലുതായി കണക്കാക്കിയിരുന്നത്. പട്ടിണിയായാലും അന്തസോടെയാകണം ജീവിതമെന്ന നിർബന്ധബുദ്ധി നായകത്തിനുണ്ടായിരുന്നു. വിവാഹജീവിതത്തെക്കുറിച്ചു പറയുമ്പോൾ, അകംനിറയെ അഭിമാനബോധം സൂക്ഷിച്ചിരുന്ന ഭർതൃമാതാവിനെക്കുറിച്ച് പറയാതെ കടന്നുപോകാനാകില്ല. ഭർതൃഗൃഹത്തിലെ ജീവിതസാഹചര്യങ്ങളുമായി വേഗത്തിലാണ് പൊരുത്തപ്പെട്ടത്. വീട്ടിലേക്കു കുനിഞ്ഞുകയറുകയും ഇറങ്ങുകയും ചെയ്യണമെന്നതുമാത്രമാണ് പ്രയാസം സൃഷ്ടിച്ചത്. മറ്റു സാഹചര്യങ്ങൾ അപരിചിതമായിരുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aani Raja Congress Election Rahul Gandhi wayanad
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version