പാലക്കാട്: ജില്ലയിലെ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ പാർട്ടിയിലെ യുവതുർക്കിയും വടകര എം.പിയുമായ ഷാഫി പറമ്പിലിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും യു.ഡി.എഫ് പാലക്കാട് ജില്ലാ മുൻ ചെയർമാനുമായ എ രാമസ്വാമി രംഗത്ത്.
പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം ഷാഫി പറമ്പിലാണ്. ഷാഫി പാർട്ടിയെ വളർത്താനല്ല, സ്വന്തം പ്രതിഛായ വളർത്താനാണ് ശ്രമിച്ചതെന്നും രാമസ്വാമി വിമർശിച്ചു. പാർട്ടിയിലെ നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജിവെച്ച് പ്രാഥമികാംഗത്വം ഉപേക്ഷിച്ച് നേരത്തെ പുറത്തുവന്ന ആളാണ് രാമസ്വാമി.
ഷാഫി പാലക്കാട് സ്ഥാനാർത്ഥിയായി വന്നപ്പോൾ ജില്ലയിലെ കോൺഗ്രസിന് താൽപര്യമില്ലായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ എ.വി ഗോപിനാഥ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കരുതിയത്.
ഷാഫി സ്ഥാനാർത്ഥിയായപ്പോൾ കോൺഗ്രസുകാരിൽ പലരും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിന്നു. കൺവെൻഷൻ വിജയിപ്പിക്കാൻ നിർമാണ തൊഴിലാഴളികളെ വരെ കൊണ്ടുവന്നതായും രാമസ്വാമി വെളിപ്പെടുത്തി.
പക്ഷേ, അന്ന് പലരും എഴുതി തള്ളിയെങ്കിലും ഷാഫി വിജയക്കൊടി പാറിച്ചു. ജയിച്ചതോടെ ഷാഫി ഒറ്റയാനായി, സ്വന്തം ഇമേജ് ബിൽഡിംഗിലേക്ക് മാറി. ഷാഫിയ്ക്ക് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്. അതുവഴി നിർദേശം നൽകിയാണ് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോടും ഒരു ആലോചനയും ഷാഫി നടത്താറില്ല. ബി.ജെ.പിക്ക് അനുകൂലമായി വരേ ഷാഫി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഷാഫി വന്നതിനു ശേഷമാണ് പാലക്കാട് നഗരസഭ ബി.ജെ.പിക്ക് സ്ഥിരമായി ഭരിക്കാനുള്ള അവസരമുണ്ടായത്. ഷാഫിയെ സംബന്ധിച്ചിടത്തോളം പാർട്ടി പ്രശ്‌നമേയല്ല. സ്ഥാപിത താൽപര്യം സംരക്ഷിക്കുന്നതിനായി ഷാഫി എന്തു നിലപാടും സ്വീകരിക്കുമെന്നും രാമസ്വാമി കുറ്റപ്പെടുത്തി.
പാലക്കാട്ടെ ഭൂരിപക്ഷം പ്രവർത്തകർക്കും നേതാക്കൾക്കും രാഹുൽ മാങ്കൂട്ടത്തിൽ അല്ല, പ്രാദേശിക സ്ഥാനാത്ഥി വേണമെന്ന വികാരമാണുണ്ടായിരുന്നത്. പുറത്തുനിന്നുള്ള ആളാണെങ്കിൽ കെ മുരളീധരനെപ്പോലെ ഒരു മുതിർന്ന നേതാവിനെ വേണമെന്നായിരുന്നു ആവശ്യം. ആ തീരുമാനത്തെ അവഗണിച്ച് ഷാഫിയുടെ ഭീഷണിക്കും നിർബന്ധത്തിനും വഴങ്ങിയാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. ഷാഫിയെ അനുകൂലിക്കുന്നവരൊഴികെ ഒട്ടുമിക്ക കോൺഗ്രസ് പ്രവർത്തകർക്കും അമർഷമുണ്ട്. ഈ അഭിപ്രായ വ്യത്യാസമുള്ള കോൺഗ്രസുകാർ മറിച്ച് വോട്ടുചെയ്താൽ പാലക്കാട് ബി.ജെ.പി അക്കൗണ്ട് തുറക്കുന്ന സ്ഥിതിയാണുണ്ടാവുക. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും രാമസ്വാമി അഭിപ്രായപ്പെട്ടു.
അതേസമയം, പാലക്കാട്ടെ കോൺഗ്രസിൽ അതൃപ്തി പുകയുന്നതിൽ ചില നേതാക്കൾ ഷാഫിയെ കരുവാക്കുകയാണെന്നാണ് ഷാഫി അനുകൂലികൾ പറയുന്നത്. ജില്ലയിലെ പല നേതാക്കളുടെയും വീഴ്ചകൾക്ക് ഷാഫി എന്തു പിഴച്ചു? ഷാഫിയുടെ നിലപാടുകൾക്കുള്ള പിന്തുണയിലും രാഷ്ട്രീയ വളർച്ചയിലുമുള്ള അസൂയാലുക്കളുടെ മനോനിലവാരമാണ് പല പ്രതികരണങ്ങളെന്നും ഇവർ പറയുന്നു. ഷാഫിയുടെ കാഴ്ചപ്പാടിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന മതനിരപേക്ഷ മനസ്സുകളിൽ വലിയ ജനസമ്മിതിയുണ്ടായതിന്റെ തെളിവാണ് പാലക്കാട്ടും വടകരയിലുമെല്ലാം പ്രകടമായതെന്നും ഇത് പാർട്ടി ഉപയോഗപ്പെടുത്തുകയാണുണ്ടായതെന്നും ഇവർ പറയുന്നു.
എന്നാൽ, ഷാഫിയുടെ അപക്വമായ ചില താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും പാർട്ടി നൽകുന്ന വിലയാണ് പാലക്കാട്ട് നിലവിലുള്ളതെന്നും ഇത് നേതൃത്വത്തിലെ പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും വൈകാതെ മനസ്സിലാകുമെന്ന് ഷാഫി വിരുദ്ധ ക്യാമ്പും ആരോപിക്കുന്നു.