ആലപ്പുഴ– ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. ആനപ്പുറത്ത് ഇരുന്ന മുരളീധരൻ നായരെ ആന കുലുക്കി താഴെയിട്ടു കുത്തുകയായിരുന്നു. സംഭവത്തിൽ രണ്ടാം പാപ്പാനായ സുനിൽകുമാറിന് ഗുരുതരമായി പരിക്കേറ്റു. പെരുനാട് പൊറ്റിൻകര പള്ളിക്കൽ നഗർ സ്വദേശിയായ സുനിൽകുമാർ ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് സംഭവം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആന സ്കന്ദനാണ് പാപ്പാൻമാരെ കുത്തിയത്. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ സ്കന്ദനെ തളച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് ഒന്നാം പാപ്പാൻ പ്രദീപും രണ്ടാം പാപ്പാൻ സുനിൽകുമാറും ചേർന്ന് ആനയെ അഴിച്ചത്.
വിവിധ ക്ഷേത്രങ്ങളിൽ നിന്ന് എത്തിയ പാപ്പാൻമാരുടെ സംഘവും എലിഫന്റ് സ്ക്വാഡും ചേർന്നാണ് പിന്നീട് ആനയെ തളച്ചത്. അഞ്ചു വർഷം മുമ്പും ഇതേ ആനയുടെ കുത്തേറ്റ് മറ്റൊരു പാപ്പാനും മരിച്ചിരുന്നു.