മലപ്പുറം / കോഴിക്കോട്: പാണക്കാട് കുടുംബത്തിനും ഖാസി ഫൗണ്ടേഷനുമെതിരേ രൂക്ഷ വിമർശങ്ങൾ തൊടുത്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറിയും മുശാവറ അംഗവുമായ മുക്കം ഉമർ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്കു ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ, ഉമർ ഫൈസിക്ക് പിന്തുണയുമായി ഒമ്പത് മുശാവറ അംഗങ്ങൾ രംഗത്ത്.
സമസ്തയുടെ പണ്ഡിത സഭയിലെ ഒമ്പത് മുശാവറ അംഗങ്ങളാണ് പാണക്കാട് സാദിഖലി തങ്ങളുടെ പാണ്ഡിത്യം അടക്കം ചോദ്യംചെയ്ത ഉമർ ഫൈസിക്കായി രംഗത്തെത്തിയത്. ഉമർ ഫൈസിക്കെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. മത വിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പോലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണെന്നും ഇവർ പ്രസ്താവനയിൽ അറിയിച്ചു.
സമസ്ത പ്രസിഡന്റ് ഉൾപ്പടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ ദുഷ്പ്രചാരണങ്ങൾ നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകൾ പോലും ഇതിൽ ഭാഗഭാക്കാകുന്നു. സി.ഐ.സി വിഷയത്തിൽ മധ്യസ്ഥ തീരുമാനം നിഷ്‌കരുണം തള്ളിക്കളഞ്ഞ് മാറ്റിനിർത്തപ്പെട്ടയാളെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിച്ചെന്നും ഇവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മുശാവറ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ, യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, ബി.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുൽ ഫൈസി തോടാർ എന്നിവരാണ് ഉമർ ഫൈസിയെ ന്യായീകരിച്ചുള്ള പ്രസ്താവനയിൽ ഒപ്പിട്ടത്.
ലീഗ് നേതാവ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള പ്രസംഗത്തിന്റെ പേരിൽ ഉമർ ഫൈസിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സമസ്തയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറുവിഭാഗം നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
സമസ്തയിൽ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെയാണ് ഉമർ ഫൈസിയുടെ വാദങ്ങളെ പൂർണമായും തള്ളാതെയും കൊള്ളാതെയും എന്നാൽ പ്രസ്താവന സമസ്തയുടേതല്ലെന്നു മാത്രം പറഞ്ഞ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തിലുളള പണ്ഡിതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
ഉമർ ഫൈസി തന്റെ പ്രസ്താവന സമസ്തയുടേതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രസ്തുത വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ രംഗം കൂടുതൽ വഷളാവുമെന്ന് കണ്ടാണ് നേതൃത്വം ബഹുഭൂരിപക്ഷം വരുന്ന സമസ്ത പ്രവർത്തകരെയും മുന്നിൽ കണ്ട് പ്രസ്താവന ഇറക്കിയത്. ഇതിന്റെ മഷി ഉണങ്ങും മുമ്പേയാണ് മുശാവറിയിലെ തന്നെ ഒമ്പത് പേർ ഉമർ ഫൈസിയെ തുണച്ച് പരസ്യമായി രംഗത്തെത്തിയത്.
അതിനിടെ, ഉമർ ഫൈസിയുടെ വാദങ്ങളെ ഖണ്ഠിച്ച് ഇന്ന് കോഴിക്കോട്ടും മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലും സമസ്തയുടെ ആദർശസമ്മേളനങ്ങൾ നടക്കും. സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പേരിൽ എടവണ്ണപ്പാറയിൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ അബ്ദുസ്സമദ് പൂക്കോട്ടൂരും നസർ ഫൈസി കൂടത്തായിയും പ്രസംഗിക്കും.
സുന്നി ആദർശ വേദിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം നളന്ദ ഓഡിറ്റോറിയത്തിലാണ് കോഴിക്കോട്ടെ പരിപാടി. പാണക്കാട് തങ്ങൾക്കും ഖാസി ഫൗണ്ടേഷനുമെതിരായ ഉമർ ഫൈസിയുടെ പ്രസ്താവനയെ മുസ്‌ലിം ലീഗ് നേതൃത്വവും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉമർ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ലെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും അതിൽ ലീഗ് നേതൃത്വത്തിന് തൃപ്തി പോരെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നുമാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.