തൃശൂർ: ആഭരണ നിർമാണശാലയിൽനിന്നും തൃശൂരിലെ ജ്വല്ലറിയിലേക്ക് സ്വർണവുമായി പുറപ്പെട്ട സ്വർണ വ്യാപാരിയടക്കം രണ്ടു പേരെ ആക്രമിച്ച് ക്രിമിനൽ സംഘം സ്വർണവും കാറും തട്ടിയെടുത്തു. കാറിന് പുറമെ, രണ്ടുര കോടിയോളം രൂപ വിലയുള്ള സ്വർണാഭരണങ്ങളുമായാണ് അക്രമിസംഘം രക്ഷപ്പെട്ടത്.
കോയമ്പത്തൂരിൽനിന്നും തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പിൽ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അരുണിന്റെ കഴുത്തിൽ കത്തിവച്ച ശേഷം സ്വർണം എവിടെയെന്നു പറയിക്കാൻ ചുറ്റിക കൊണ്ടു തുടയിൽ മർദ്ദിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് കോയമ്പത്തൂരിലെ ആഭരണനിർമാണ ശാലയിലേക്കു പണിയിക്കാൻ കൊണ്ടുപോയ 2.60 കിലോയുടെ സ്വർണമാലകളുമായി തിരിച്ചുവരുന്നതിനിടെ തൃശൂർ-കുതിരാൻ ദേശീയപാത വഴുക്കുംപാറ കല്ലിടുക്കിൽ വച്ചാണ് സിനിമാ സ്റ്റൈലിൽ ആക്രമണമുണ്ടായത്. ദേശീയപാതയിൽ മൂന്ന് കാറുകൾ ഇവരുടെ കാറിനെ പിന്തുടർന്നിരുന്നുവെന്നും ആലപ്പുഴ സ്ലാങ്ങിലാണ് ഇവരുടെ സംസാരമെന്നും പരാതിക്കാർ പറഞ്ഞു. കല്ലിടുക്കിലെത്തിയപ്പോൾ ഇതിലൊരു കാർ ഇവരുടെ കാറിന് മുന്നിൽ ബ്ലോക്കിട്ടു. പിന്നാലെ രണ്ടു കാറുകളിൽ നിന്നടക്കം 11 പേർ മുഖം മറച്ച് അരുണിന്റെ വണ്ടിയെ വളഞ്ഞു. ശേഷം അരുണിന്റെയും റോജിയുടെയും കഴുത്തിൽ കത്തിവെച്ചായിരുന്നു ഗുണ്ടാസംഘത്തിന്റെ ഭീഷണിയും പ്രതികളുടെ കാറിലേക്കുള്ള ബലം പ്രയോഗിച്ചുള്ള വലിച്ചു കയറ്റലും.
സമീപമുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാർ നോക്കിനിൽക്കെയാണ് ആക്രമണമുണ്ടായതെന്നും പറയുന്നു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ച് അക്രമി സംഘം സ്വർണവും കാറുമായി മുങ്ങുകയായിയിരുന്നു. സംഭവത്തിൽ കേസെടുത്ത് ഊർജിത അന്വേഷണം നടത്തി വരികയാണ് ഒല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. നാല് സ്‌ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണമെന്നും പൂച്ചട്ടിക്കടുത്ത ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്വർണവ്യാപാരിയുടെ കാർ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.