കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ വളപട്ടണം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
അറസ്റ്റിലായ യുവാവിന്റെ ഭാര്യയും സേലം സ്വദേശിനിയാണ്. ഇവർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ സേലത്ത് ആചാരപ്രകാരം വിവാഹിതരായതായി പറയുന്നു. വിവാഹശേഷം ഇവർ പാപ്പിനിശ്ശേരിയിൽ താമസമാക്കി. പെൺകുട്ടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ആശുപത്രിയിൽ വയസ്സ് ചോദിച്ചപ്പോൾ പെൺകുട്ടി 17 വയസ്സാണെന്ന് വെളിപ്പെടുത്തി. ഇതോടെ ആശുപത്രി അധികൃതർ വിവരം വളപട്ടണം പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയുടെ പരാതിയെ തുടർന്ന് പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ പശ്ചാത്തലവും വിവാഹത്തിന്റെ സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നു.