കൊച്ചി: ആലുവയിലെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 12 അംഗ പെൺവാണിഭ സംഘം പിടിയിൽ. റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്ന് അനാശാസ്യ സംഘത്തെ കയ്യോടെ പിടികൂടിയത്.
സുനിത, വാണി, ഷഹന, വിജി, ഷീന, ഷിജി, ഷൈനി, മനു രാജ്, സായിഫ, സാബിത്, ലിബിൻ, അമൽ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുറിയുടെ കതക് തകർത്താണ് പോലീസ് അകത്തു കടന്നത്. നിരവധി മൊബെൽ ഫോണുകൾ, മദ്യം, ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പ്രതികളിൽനിന്ന് പിടികൂടി.
മൂന്ന് മുറികളിൽ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ വൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പ്രതികരിച്ചു. ഇവിടെ പെൺവാണിഭം നടക്കുന്നതായുള്ള സൂചനയിൽ ഹോട്ടൽ പോലീസ് നിരീക്ഷണത്തിലായിരുന്നു.