കൊച്ചി: റാപ്പർ വേടനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഗവേഷക വിദ്യാർഥിനി പരാതി നൽകി. കഴിഞ്ഞ ആഴ്ച രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ വേടനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
2020-ൽ കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സംഗീത ഗവേഷണവുമായി ബന്ധപ്പെട്ട് വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ട യുവതിയെ അദ്ദേഹം ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചതായും, താൻ ഓടി രക്ഷപ്പെട്ടതായും യുവതി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരി നിലവിൽ കേരളത്തിന് പുറത്താണ്, അതിനാൽ മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലവും തീയതിയും അറിയിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വേടനെതിരെ മറ്റൊരു ബലാത്സംഗ കേസിൽ കേരള ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 27-ന് ഈ കേസിൽ വിധി പ്രഖ്യാപിക്കും.