ബെംഗളൂരു: വസ്ത്രധാരണത്തിന്റെ പേരിൽ യുവതിക്കു നേരെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ജീവനക്കാരനായ നികിത് ഷെട്ടിയെയാണ് എറ്റിയോസ് ഡിജിറ്റൽ സർവീസസ് കമ്പനി പിരിച്ചുവിട്ടത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവവൻസറായ ഖൈതി ശ്രീക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ‘കർണാടകയ്ക്ക് ചേരുന്ന നല്ല വസ്ത്രം ധരിക്കണമെന്നും ഇല്ലെങ്കിൽ ഞാൻ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമായിരുന്നു’ ഭീഷണി.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഷഹ്ബാസ് അൻസാറിന്റെ പരാതിയിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷഹ്ബാസ് അൻസാർ സാമൂഹ്യമാധ്യമമായ എക്‌സിലും പോസ്റ്റിട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കർണാടക ഡി.ജി.പി എന്നിവരെ ടാഗ് ചെയ്ത് ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും സഹിതമാണ് പോസ്റ്റ്.
ഭീഷണിപ്പെടുത്തിയ യുവാവിനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമാണുള്ളത്. ഇത്തരം ക്രിമിനൽ മനോഭാവമുള്ളവരെ പോലീസ് നിലക്കു നിർത്തണമെന്നും കമ്പനി സ്വീകരിച്ച നടപടി മാതൃകാപരമാണെന്നും പലരും ചൂണ്ടിക്കാട്ടി.