ന്യൂഡൽഹി: 2017-ലെ നീറ്റ് യു.ജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ യുവ ഡോക്ടർ നവ്ദീപ് സിംഗിനെ (25) മരിച്ച നിലയിൽ കണ്ടെത്തി. പാഴ്‌സി അഞ്ചുമൻ ഗസ്റ്റിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് മികച്ച നേട്ടത്തോടെ പൂർത്തിയാക്കിയ നവ്ദീപ് ഇവിടെ, റേഡിയോളജിയിൽ രണ്ടാം വർഷ എം.ഡി പഠനം നടത്തിവരികയായിരുന്നു. മകനെ ഫോണിൽ കിട്ടാതിരുന്നതോടെ മുറിയിൽ ചെന്നു നോക്കാൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലായ അച്ഛൻ ഗോപാൽ സിംഗ് നവ്ദീപിന്റെ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു.
ഇതനുസരിച്ച് സുഹൃത്ത് ചെന്നു നോക്കിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു. പഞ്ചാബിലെ മുക്തസർ ജില്ലയിലാണ് നവ്ദീപിന്റെ കുടംബം താമസിക്കുന്നത്.