ന്യൂഡൽഹി: മതനിരപേക്ഷ ഇന്ത്യയുടെ തീരാ നഷ്ടമായ അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ നിയമിക്കേണ്ടതില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയെന്ന് വിവരം.
യെച്ചൂരിക്ക് പകരം പൊളിറ്റ് ബ്യൂറോയിലെ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ നേരത്തെ ആലോചനയുണ്ടായെങ്കിലും പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച സ്ഥിതിക്ക് താൽക്കാലിക സംവിധാനം മതിയെന്നാണ് പുതിയ ധാരണ. അതിനാൽ തന്നെ മധുരയിൽ അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും വരേക്കും പ്രസ്തുത പദവിയിൽ പുതിയൊരാളെ ധൃതിപിടിച്ച് നിയമിക്കേണ്ടതില്ലെന്ന നിർദേശമാണ് കേരള നേതാക്കൾ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വെച്ചത്. പാർട്ടി സെന്ററിലെ പി.ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും ഏകോപനത്തിനായി ഒരു കോ-ഓർഡിനേറ്ററെ ചുമതലപ്പെടുത്താനുമാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണ.
എന്നാൽ, താൽക്കാലിക സംവിധാനമെന്നത് പാർട്ടി ഭരണഘടനയിൽ ഇല്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എങ്കിലും പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച സ്ഥിതിക്ക് ഒരു ജനറൽ സെക്രട്ടറിയെ ഇപ്പോൾ തെരഞ്ഞെടുക്കേണ്ടെന്നും, ഞായറാഴ്ച ആരംഭിക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഷയത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനുമാണ് പി.ബി യോഗം ധാരണയിലെത്തിയത്.
ഏകോപനത്തിനായി പാർട്ടി കോൺഗ്രസ് കഴിയും വരേയും മുതിർന്ന പി.ബി അംഗങ്ങളിൽ ഒരാൾക്ക് കോ-ഓർഡിനേറ്ററുടെ ചുമതല നൽകാനും ആലോചനയുണ്ട്. കേന്ദ്ര കമ്മിറ്റി യോഗം അത്തരമൊരു തീരുമാനത്തിന് പച്ചക്കൊടി വീശിയാൽ പാർട്ടി മുൻ ജനറൽസെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ടിനെ കോ-ഓർഡിനേറ്ററാക്കാനും നീക്കമുണ്ട്. കേരള ഘടകം നേതാക്കൾ അടക്കമുള്ളവർ ഇതിനെ പിന്തുണക്കുമെന്നിരിക്കെ, ഈ നീക്കത്തിന് പൊതുവേ അംഗീകാരം ലഭിക്കുമെന്നും പറയുന്നു.
നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വനിതാ മുഖം കൂടിയായ വൃന്ദ കാരാട്ട്, കേരളത്തിൽനിന്നുള്ള മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തുടങ്ങിയവരുടെ പേരുകളും ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതാണെങ്കിലും വൃന്ദയ്ക്കും മണിക് സർക്കാറിനും പ്രായപരിധി അനുസരിച്ച് പുതിയ കമ്മിറ്റിയിൽ ഇളവ് ലഭിച്ചാലെ തുടരാനാവുകയുള്ളൂ എന്നതാണ് സ്ഥിതി. എന്നാൽ, അടുത്ത പാർട്ടി കോൺഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നൽകാൻ ആലോചിച്ചാൽ പ്രായപരിധി നോക്കാതെ സുഭാഷിണി അലിയും വൃന്ദ കാരാട്ടുമാണുള്ളത്. ഇതിൽ വൃന്ദയ്ക്ക് നറുക്കു വീഴാനാണ് സാധ്യത ഏറുന്നത്. ദേശീയ തലത്തിൽ വൃന്ദയെ പോലുള്ള ഒരു വനിതാ മുഖം പാർട്ടി തലപ്പത്ത് വന്നാൽ അത് ഏറെ ചലനങ്ങളുണ്ടാക്കുമെന്ന് അഭിപ്രായമുള്ളവർ പാർട്ടിക്കകത്തും പുറത്തും ഏറെയുണ്ട്.
ഇനി ഇവർ രണ്ടു പേരുമല്ലെങ്കിൽ കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങളായ എം.എ ബേബിക്കും എ വിജയരാഘവനുമാണ് സാധ്യത. ഇതിൽ എം.എ ബേബിക്കാണ് കൂടുതൽ സാധ്യതയുള്ളത്. നാലു പതിറ്റാണ്ട് മുമ്പ് എം.എ ബേബി എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോൾ പകരക്കാരനായി ആ സ്ഥാനത്തേക്ക് എത്തിയിരുന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ അതേ യെച്ചൂരി ചരിത്രത്തിലേക്ക് പിൻവാങ്ങിയപ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന്റെ പിൻഗാമിയായി, മുൻഗാമി കൂടിയായ ബേബിക്ക് സാധ്യതയുള്ളതായും വിലയിരുത്തലുണ്ട്.
മുതിർന്ന നേതാവായ ബി.വി രാഘവുലു, ബംഗാളിൽ നിന്നുള്ള നീലോൽപ്പൽ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളുടെ പേരുകളും ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നേക്കാം. ഇനി ഇതൊന്നുമല്ല, പരിചയസമ്പത്തും സീനിയോറിറ്റിയുമെല്ലാം പരിഗണിച്ച് പ്രകാശ് കാരാട്ടിനെ കോ-ഓർഡിനേറ്ററായി തീരുമാനിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.