കെയ്റോ– ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ വെച്ച് നടക്കുന്ന വേൾഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച ഇന്ത്യക്ക് നാല് മെഡൽ നേട്ടങ്ങൾ. ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ശനിയാഴ്ച ഇന്ത്യ സ്വന്തമാക്കിയത്. രവീന്ദർ സിംഗ് സ്വർണ്ണ മെഡൽ നേടിയെടുത്തപ്പോൾ ഒളിമ്പ്യൻ ഇളവേണിൽ വളരിവൻ വെങ്കല മെഡൽ നേടി. മറ്റു രണ്ടു മെഡലുകൾ ടീമിനത്തിലാണ്.
പുരുഷന്മാരുടെ അമ്പതു മീറ്റർ ഫ്രീ പിസ്റ്റ്ളിലാണ് രവീന്ദർ സിംഗ് സുവർണ്ണ മെഡൽ നേടിയെടുത്തത്. രവീന്ദർ ഉൾപ്പെടുന്ന ടീം ഈ ഇനത്തിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. രവീന്ദറിനെ കൂടാതെ ടീമിൽ ഉണ്ടായിരുന്നത് കമൽജിത്തും യോഗേഷ് കുമാറുമാണ്.
വനിതകളുടെ 10 മീറ്റർ റൈഫിളിലാണ് ഒളിമ്പ്യൻ ഇളവേണിൽ വെങ്കല മെഡൽ നേടിയത്. 232 പോയിന്റുമായാണ് താരം മൂന്നാമത് എത്തിയത്. 255 പോയിന്റുമായി ദക്ഷിണ കൊറിയൻ താരം ബാൻ ഹിയോജിൻ സ്വർണ്ണവും 254 പോയിന്റുമായി ചൈനയുടെ വാങ് സിഫെയ് വെള്ളിയും സ്വന്തമാക്കി.
മറ്റൊരു ഇനത്തിൽ
ഇളവേൺ, മേഘന, ശ്രേയ അഗർവാൾ എന്നിവ അടങ്ങിയ ടീം വെങ്കല മെഡലും സ്വന്തമാക്കി.



