മീററ്റ്– താടിവടിക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരന്റെ കൂടെ ഒളിച്ചോടിയെന്ന് പരാതി. താടിയില്ലാത്ത സഹോദരന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് യുവതി പറഞ്ഞിരുന്നെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. എന്നാല്‍ ഭര്‍ത്താവ് ലൈംഗികപരമായി അയോഗ്യനായതിനാലാണ് ഉപേക്ഷിച്ചതെന്ന് ഒളിച്ചോടിയ സ്ത്രീ പ്രതികരിച്ചു.
ഏഴുമാസം മുമ്പാണ് മുഹമ്മദ് സാഗിര്‍ അര്‍ഷിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഭാര്യ താടിവടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സാഗിര്‍ന് താടി കളയാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇവര്‍ക്കിടയില്‍ ഇതിനെചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നു. പക്ഷെ ഇതിനിടയില്‍ ഭര്‍ത്താവിന്റെ സഹോദരനായ താടി വെക്കാത്ത സാബിറുമായി അര്‍ഷി അടുക്കുകയുമായിരുന്നു.
2025 ഫെബ്രുവരി മൂന്നാം തീയതിയാണ് അര്‍ഷി സാബിറിനൊപ്പം ഒളിച്ചോടിയത്. മൂന്ന് മാസത്തോളം സാബിര്‍നെയും ഭാര്യയെയും മുഹമ്മദ് സാഗിര്‍ തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബം നിര്‍ബന്ധിച്ചതിനാലാണ് അര്‍ഷി തന്നെ വിവാഹം കഴിച്ചതെന്നും തന്റെ സഹോദരനും ഭാര്യയും വിഷം നല്‍കി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും സാഗിര്‍ ആരോപിച്ചു. അവര്‍ തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് തന്റെ കയ്യിലുണ്ടെന്നും സാഗിര്‍ അവകാശപ്പെട്ടു.
ഏപ്രില്‍ 30ന് വീട്ടിലേക്ക് തിരിച്ചുവന്ന അര്‍ഷി സാബിറിനെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ആദ്യ ഭര്‍ത്താവായ മുഹമ്മദ് സാഗിറില്‍ നിന്ന് സ്ത്രീധനമായി നല്‍കിയ അഞ്ച് ലക്ഷം തിരിച്ച് ചോദിക്കുകയും, മുഴുവന്‍ തുകയില്ലെങ്കിലും പകുതി തുകയായ രണ്ടരലക്ഷം രൂപ തന്നാല്‍ വിവാഹമോചനത്തിന് തയ്യാറാണെന്നും അര്‍ഷി പറഞ്ഞു. സ്ത്രീധന തുക തരുന്നില്ലെങ്കില്‍ വിവാഹമോചനം വേണ്ടെന്നും ഭര്‍തൃസഹോദരന്റെ കൂടെ ജീവിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.