നാഗ്പുര്‍– അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര്‍ സ്വദേശിനി സുനിത ജാംഗഡെയെ (43) ഇന്ത്യക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥര്‍ ബി.എസ്.എഫിന് കൈമാറിയത്. തുടര്‍ന്ന് സുനിതയെ അമൃത്സര്‍ പോലീസിന് കൈമാറി. ഇവരെ നാഗ്പൂര്‍ പോലീസിന് കൈമാറിയതിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്യേഷിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ നികേതന്‍ കദം പറഞ്ഞു.
മെയ് 14നാണ് സുനിത അതിര്‍ത്തി കടന്നത്. 13 വയസ്സുള്ള മകനൊപ്പം കാര്‍ഗിലില്‍ എത്തിയ സുനിത ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് അടുത്ത് ഒറ്റയ്ക്ക് കുട്ടി നില്‍ക്കുന്നത് കണ്ട ഗ്രാമവാസികള്‍ ലഡാക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്യേഷണം ആരംഭിച്ചത്.
നോര്‍ത്ത് നാഗ്പൂരില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സുനിത ഇതിനു മുമ്പ് രണ്ട് തവണ പാക്കിസ്താനിലേക്ക് പോകാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിര്‍ത്തിയില്‍വച്ച് മടക്കി അയക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനാണ് ഇവര്‍ അതിര്‍ത്തി കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.