ന്യൂദല്‍ഹി – ലോകസഭയിലേക്ക് സീറ്റ് കിട്ടാത്ത വരുണ്‍ ഗാന്ധി മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കറിയില്ലെന്ന് അമ്മ മനേകാ ഗാന്ധി. വരുണിന്റെ കാര്യം വരുണിനോട് തന്നെ ചോദിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതില്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി പ്രസിഡന്റെ നഡ്ഡ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണെന്ന് അവര്‍ പറഞ്ഞു. താന്‍ പിലിഭിത്തിലാണോ സുല്‍ത്താന്‍പൂരിലാണോ മത്സരിക്കുക എന്ന് നിശ്ചയമില്ലായിരുന്നു. പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ നന്ദിയുണ്ട് എന്നും മനേക പറഞ്ഞു.
മനേക ഗാന്ധിക്കായി മകന്‍ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതില്‍ ബി ജെ പിയില്‍ കടുത്ത എതിര്‍പ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച വരുണിനെ ഇറക്കിയാല്‍ തിരിച്ചടി നേരിടുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പിലിഭിത് എം പിയായ വരുണ്‍ ഗാന്ധിക്ക് ഇത്തവണ ബി ജെ പി ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നാലെ തന്റെ മണ്ഡലത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കുമെന്നും തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിലിഭിത്തിന്റെ പുത്രന്‍ എന്നാണ് അദ്ദേഹം ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ സ്വയം വിശേഷിപ്പിച്ചത്. സാധാരണക്കാരന്റെ ശബ്ദം ഉയര്‍ത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. താനും പിലിഭിത്തും തമ്മിലുള്ള ബന്ധം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. വരുണ്‍ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ്. അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.