ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ, പ്രതീക്ഷയോടെ അങ്കത്തിനൊരുങ്ങുന്ന ഇൻഡ്യാ മുന്നണിയിൽ ആശങ്ക പടർത്തുകയാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ജൻ സുരാജ് പാർട്ടിയും.
ബിജെപി മുതൽ വൈഎസ്ആർ കോൺഗ്രസ് വരെ, വ്യത്യസ്ത തലങ്ങളിലുള്ള രാഷ്ട്രീയ കക്ഷികൾക്കൊപ്പം തെരഞ്ഞെടുപ്പ് ഗോദയിൽ വിജയകഥ രചിച്ച രാഷ്ട്രീയ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ. 2014- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിനു പിന്നിൽ, 2015-ൽ ജെഡിയു-ആർജെഡി മുന്നണിയുടെ ബിഹാർ വിജയത്തിനു പിന്നിൽ, മമതാ ബാനർജിയുടെ ബംഗാൾ വിജയത്തിനു പിന്നിൽ, വൈഎസ്ആർ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും മിന്നുന്ന ജയങ്ങൾക്കു പിന്നിൽ എല്ലാം പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ പ്രശാന്ത് കിഷോറിന്റെ കരങ്ങളും ബുദ്ധിയും ഉണ്ടായിരുന്നു.
എന്നാൽ, സ്വന്തം തട്ടകമായ ബിഹാറിൽ അദ്ദേഹം മറ്റൊരു റോളിലാണ് അങ്കത്തട്ടിൽ ഇറങ്ങുന്നത്. 2022-ൽ രൂപീകരിച്ച തന്റെ ജൻ സുരാജ് പാർട്ടി 243 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കും എന്നാണ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിയു – ബിജെപി സഖ്യസർക്കാറിനെതിരെ കോൺഗ്രസും ആർജെഡിയും ചേർന്ന് ശക്തമായ യുദ്ധമുഖം തുറക്കുമ്പോൾ, തേജസ്വി യാദവിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യത്തെ കിഷോറും ജെഎസ്പിയും പിന്നിൽ നിന്ന് കുത്തുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.
‘സദ്ഭരണം’ അഥവാ സുരാജ് പ്രധാന അജണ്ടയാക്കിയാണ് ജെഎസ്പി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. 10 വർഷത്തിനുള്ളിൽ ബീഹാറിനെ രാജ്യത്തെ മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാക്കുക എന്നതാണ് ലക്ഷ്യമെന്ന് കിഷോർ പറയുന്നു. സംസ്ഥാനത്തെ മദ്യനിരോധനം നീക്കി, അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഉപയോഗിക്കുക. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അഴിമതിക്കെതിരെ പോരാടുക എന്നീ ആശയങ്ങൾ പ്രശാന്ത് കിഷോർ മുന്നോട്ടുവെക്കുന്നു. നിലവിലെ ഭരണസഖ്യമായ എൻഡിഎയെയും ഇൻഡ്യാ മുന്നണിയെയും ഒരേപോലെ ശത്രുപക്ഷത്തു നിർത്തുന്ന കിഷോർ, ജാതിക്കും പണത്തിനും സ്വാധീനമില്ലാത്ത രാഷ്ട്രീയത്തിനു പകരം ആദർശാധിഷ്ഠിത സമവാക്യത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത് എന്ന് വാദിക്കുന്നു. ഏതെങ്കിലും സഖ്യങ്ങളുമായി ചേരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇൻഡ്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജശ്വി യാദവിന്റെ സ്വന്തം മണ്ഡലമായ രാഘോപൂരിലാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നായിരുന്നു രാഘോപൂരിലെ പ്രധാന പ്രഖ്യാപനമെങ്കിലും, പ്രശാന്ത് കിഷോർ ലക്ഷ്യം വെക്കുന്നത് ഇൻഡ്യാ മുന്നണിയെ തന്നെയാണ് എന്നതിന്റെ സൂചനയായിരുന്നു അത്. രാഘോപൂരിൽ തേജശ്വിയുടെ എതിരാളിയായി പ്രശാന്ത് കിഷോർ മത്സരിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് വഹിക്കുന്നതെന്നും കിഷോർ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നുകിൽ പത്ത് സീറ്റിൽ കുറവ്, അല്ലെങ്കിൽ 200-നും മുകളിൽ… ഇതാണ് ഈ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സാധ്യത എന്ന് പ്രശാന്ത് കിഷോർ തന്നെ പറയുന്നുണ്ട്. 5 മുതൽ ആറ് വരെ സീറ്റുകൾ JSP ക്ക് ലഭിച്ചേക്കാമെന്ന് സർവേ ഫലങ്ങളുമുണ്ട്. അതേസമയം തന്നെ, 15 മുതൽ 30 വരെ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും വിധത്തിൽ JSP വോട്ട് പിടിക്കാനും ഇടയുണ്ട്. അതായത്, നെക്ക് ടു നെക്ക് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ഒരു നിർണായക ശക്തിയാകാനുള്ള കഴിവ് JSP ക്ക് ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
RJD, കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന INDIA സഖ്യം പ്രധാനമായും ആശ്രയിക്കുന്നത് ബിഹാറിലെ 30 ശതമാനത്തോളം വരുന്ന മുസ്ലിം – യാദവ വോട്ട് ബാങ്കിനെയും അതീവ പിന്നാക്ക വിഭാഗങ്ങളെയും പട്ടിക ജാതിക്കാരെയുമാണ്. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും RJD-യുടെ ശക്തികേന്ദ്രമായി നിലകൊള്ളുന്ന സമുദായങ്ങളാണ് 14 ശതമാനം വരുന്ന യാദവരും 17 ശതമാനം ഉള്ള മുസ്ലിംകളും. പ്രശാന്ത് കിഷോറിന്റെ JSP പ്രധാനമായും ലക്ഷ്യമിടുന്നത് ഇരുമുന്നണികളിലും തൃപ്തരല്ലാത്ത യുവജനങ്ങളെയും അതീവ പിന്നാക്ക വിഭാഗങ്ങളെയുമാണ്. വർഗീയതയിൽ അധിഷ്ഠിതമായ NDA യേക്കാൾ JSP മുറിവേൽപ്പിക്കുക ഇൻഡ്യാ മുന്നണിയുടെ വോട്ട് ബാങ്കിനെ ആയിരിക്കും എന്നാണ് രാഷ്ട്രീയ വിദഗ്ധർ കരുതുന്നത്. ചില മണ്ഡലങ്ങളിലെങ്കിലും JSP ക്ക് ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞാൽ അത് പ്രതിപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കും. അത് പരോക്ഷമായി NDA-ക്ക് സഹായകമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകർ JSP-യെ ‘വോട്ട് കട്ടുവ’ അഥവാ വോട്ട് നശിപ്പിക്കുന്നവർ എന്നു വിശേഷിപ്പിക്കുന്നുണ്ട്.
INDIA മുന്നണിയുടെ ഒന്നാം നമ്പർ നേതാവിന്റെ മണ്ഡലത്തിൽ നിന്നു തന്നെയുള്ള പ്രശാന്ത് കിഷോറിന്റെ നീക്കം, വികസന വാദമുയർത്തി RJD-യുടെ യാദവ വോട്ടുകൾ ചോർത്താനുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. NDA വോട്ടുകളേക്കാൾ തനിക്ക് എളുപ്പം INDIA വോട്ടുകൾ പിടിക്കുകയാണ് എന്ന് പറയാതെ പറയുകയാണ് അതിലൂടെ കിഷോർ ചെയ്യുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പറ്റി പ്രശാന്ത് കിഷോർ എപ്പോഴും പറയാറുള്ളത് കൊള്ളക്കാരുടെ നടുവിൽ പെട്ടുപോയ സത്യസന്ധൻ എന്നാണ്. അതുകൊണ്ടുതന്നെ ജെഡിയു നേരിട്ടൊരു ആക്രമണത്തിന് മുതിരാറില്ല.
NDA യുടെ പ്രോക്‌സി, അല്ലെങ്കിൽ നിതീഷ് കുമാറിന്റെ ബി ടീം എന്നൊക്കെയാണ് ഇൻഡ്യാ മുന്നണി പ്രശാന്ത് കിഷോറിനെയും പാർട്ടിയെയും വിശേഷിപ്പിക്കുന്നത്. തന്റെ ശക്തികേന്ദ്രത്തിൽ ഇടിച്ചുകയറാനുള്ള കിഷോറിന്റെ ശ്രമം വിലപ്പോവില്ലെന്ന് തേജസ്വി യാദവ് തുറന്നടിച്ചിട്ടുണ്ട്. നേരിട്ടൊരു ആക്രമണത്തിന് രാഹുൽ ഗാന്ധിയടക്കമുള്ള നേതൃത്വം മുതിർന്നിട്ടില്ലെങ്കിലും JSP ബിജെപിയുടെ സഖ്യകക്ഷികളാണെന്ന് കോൺഗ്രസിന്റെ രണ്ടാംനിര നേതൃത്വവും ആരോപിച്ചിട്ടുണ്ട്.
രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ഭേദപ്പെട്ട ട്രാക്ക് റെക്കോർഡുള്ള പ്രശാന്ത് കിഷോർ, ജെഎസ്പി എന്ന ചാവേർപ്പടയിലൂടെ ബിഹാറിൽ ഇൻഡ്യാ മുന്നണിയുടെ സാധ്യതകളെ ഇല്ലാതാക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിൽ എന്തെങ്കിലും പ്രഭാവം ഉണ്ടാക്കാൻ കഴിഞ്ഞാൽ പ്രശാന്ത് കിഷോർ സമീപഭാവിയിൽ ദേശീയ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റും എന്നതിൽ സംശയമില്ല.



