മീററ്റ്– പാമ്പ് കടിയേറ്റ് മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. അമിത് എന്ന യുവാവിനെയാണ് ഭാര്യ രവിതയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പാമ്പുകടിയേറ്റിട്ടാണെന്ന് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ 1000 രൂപക്ക് പാമ്പിനെ വാങ്ങി ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വെച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. മീററ്റിലെ ഭന്‍സുമ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അക്ബര്‍പൂര്‍ സാദത്ത് ഗ്രാമത്തിലാണ് സംഭവം.
കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന യുവാവിനെ പത്ത് തവണ പാമ്പ് കടിച്ചെന്ന് പറയുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമിത് കിടന്ന കട്ടിലില്‍ പാമ്പിനെ കണ്ടെത്തിയതോടെ യുവാവിന്റെ മരണം പാമ്പ് കടിയേറ്റിട്ടാണെന്ന് എല്ലാവരും കരുതി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വിഷബാധയല്ല, ശ്വാസം മുട്ടിയാണെന്ന് ബോധ്യപ്പെട്ടതോടു കൂടെ പോലീസ് അന്യേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അമിതിന്റെ ഭാര്യയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരുടെ ബന്ധത്തെ ചൊല്ലി അമിത് ഭാര്യയുമായി വഴക്കിടുമായിരുന്നു. അതിനാലാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ പാമ്പാട്ടിയില്‍ നിന്നാണ് 1000 രൂപക്ക് പാമ്പിനെ വാങ്ങിച്ചത്. പക്ഷെ പാമ്പിനെകൊണ്ട് മരണ ശേഷം കടിപ്പിച്ചതിനാല്‍ ശരീരത്തില്‍ വിഷബാധയേറ്റിരുന്നില്ല.