ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ തീവ്രവാദികള്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരുക്കകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ശേഷിയുടെ നിലവിലെ താരതമ്യം ഇങ്ങനെയാണ്.
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം ഇന്ത്യയില്‍ 14.75 ലക്ഷം സജീവ സൈനിക ഉദ്യോഗസ്ഥരും 16.16 ലക്ഷം അര്‍ദ്ധസൈനിക പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. 1,437 ഫിക്‌സഡ്-വിംഗ് വിമാനങ്ങള്‍, 995 ഹെലികോപ്റ്ററുകള്‍, 7,074 കവചിത യുദ്ധ വാഹനങ്ങള്‍ (AFVs), 11,225 പീരങ്കികള്‍ എന്നിവയും ഇന്ത്യയുടെ പക്കലുണ്ട്. 2025-ലെ ഇന്ത്യന്‍ പ്രതിരോധ ബജറ്റ് 81 ബില്യണ്‍ ഡോളറാണ്.
ആണവ പ്രതിരോധത്തിനായി, ഇന്ത്യ കരയില്‍ നിന്നുള്ള വിക്ഷേപണമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ കൈവശം വച്ചിട്ടുണ്ട്. കൂടാതെ ഒരു ഭൂഖണ്ഡാന്തര റേഞ്ച് പതിപ്പ് പരീക്ഷിക്കുകയും ചെയ്യുന്നു.
2025-ല്‍ പാകിസ്ഥാന് 10 ബില്യണ്‍ ഡോളറിന്റെ വളരെ ചെറിയ പ്രതിരോധ ബജറ്റാണുള്ളത്. 6.6 ലക്ഷം സജീവ സൈനിക ഉദ്യോഗസ്ഥരുണ്ട്. ഇത് ഇന്ത്യന്‍ സൈനികരുടെ എണ്ണത്തിന്റെ പകുതിയിലും താഴെയാണ്. 2.91 ലക്ഷം എന്ന അര്‍ദ്ധസൈനിക പോലീസ് പാകിസ്ഥാനുണ്ട്. 812 ഫിക്‌സഡ്-വിംഗ് വിമാനങ്ങള്‍, 322 ഹെലികോപ്റ്ററുകള്‍, 6,137 കവചിത യുദ്ധ വാഹനങ്ങള്‍, 4,619 പീരങ്കികള്‍ എന്നിവയും പാകിസ്ഥാനിലുണ്ട്.
ഇസ്ലാമാബാദില്‍ കരയിലും വായുവിലും പ്രയോഗിക്കാവുന്ന ആണവായുധങ്ങളുണ്ട്. ഇടത്തരം, ഹ്രസ്വ, ക്ലോസ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും പാകിസ്താനുണ്ട്. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധ ക്രൂയിസ് മിസൈലുകളും പാക് സൈന്യത്തിനുണ്ട്.
വാര്‍ഷിക ആഗോള പ്രതിരോധ അവലോകനമായ ‘ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ്’ (GFP) പ്രകാരം ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ശക്തികളെ താരതമ്യം ചെയ്യുമ്പോള്‍ ‘പവര്‍ ഇന്‍ഡക്‌സ് സ്‌കോര്‍’ (PwrIndx) ല്‍ 0.1184 എന്ന സ്‌കോര്‍ ഇന്ത്യയ്ക്ക് ഉണ്ടെന്ന് കാണിക്കുന്നു. ഈ സൂചിക പ്രകാരം, സൈനിക ശക്തി റാങ്കിംഗില്‍ 145 രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. പാകിസ്ഥാന്‍ ആഗോള സൈനിക ശക്തി റാങ്കിംഗില്‍ 145 സ്ഥാനങ്ങളില്‍ 12-ാം സ്ഥാനത്താണ്.
2019 മുതല്‍, ഇരുപക്ഷവും തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സി.ഐ.പി.ആര്‍.ഐ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇന്ത്യ ആയുധങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ വിമാനവാഹിനിക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ ആഭ്യന്തര നിര്‍മാണം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.