തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവനയിൽ ചോദ്യശരങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. രാജ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടിട്ടും സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ടും താൻ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും നേരത്തെ ചോദിച്ച ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നുവർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സർക്കാർ മിണ്ടിയില്ല? ആരാണ് ഇതിൽ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സർക്കാറിനില്ലേ? സ്വർണ്ണകടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണെന്ന് അറിയിക്കണം. ഈ വിവരം തന്നിൽനിന്ന് മറച്ചുവെച്ചതിൽ ആശ്ചര്യം തോന്നുന്നു. അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കണം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തനിക്ക് ആശങ്കയുണ്ട്. പത്തു ദിവസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചില്ല. സ്വർണക്കള്ളക്കടത്തിൽനിന്ന് ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തലിലും ആശങ്കയുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ഗവർണർ ചോദിച്ചു.