ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ദൗത്യത്തിന്റെ വിജയം ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നത് രണ്ടു സ്ത്രീകള്‍- കേണല്‍ സോഫിയ ഖുറേഷി (ഇന്ത്യന്‍ ആര്‍മി), വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് (ഇന്ത്യന്‍ വ്യോമസേന). ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു വനിതാ ഓഫീസര്‍മാര്‍ ഒരു പ്രധാന സൈനിക ദൗത്യത്തിന്റെ വാര്‍ത്താസമ്മേളനം നയിക്കുന്നത്. ലിംഗഭേദം പരിഗണിക്കാതെ ജനങ്ങളുടെ ധൈര്യത്തിലും പ്രൊഫഷണലിസത്തിലുമാണ് ഇന്ത്യയുടെ ശക്തിയെന്ന് ലോകത്തിനു മുഴുവന്‍ ഒരു സന്ദേശം നല്‍കുന്നതായിരുന്നു അവരുടെ ഉറച്ച വാ്ക്കുകള്‍.
സോഫിയ ഖുറേഷി: തീപ്പൊരി വനിത
1990-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സില്‍ കമ്മിഷന്‍ ചെയ്യപ്പെട്ട സോഫിയ, മൂന്നു ദശകങ്ങളിലേറെ രാജ്യത്തിനായി സേവനമനുഷ്ഠിച്ചു.
2016-ല്‍, ആസിയാന്‍ പ്ലസ് രാജ്യങ്ങളുടെ ഫോഴ്സ് 18 എന്ന ബഹുരാഷ്ട്ര സൈനിക പരിശീലന പരിപാടിയില്‍ ഇന്ത്യന്‍ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറായി സോഫിയ ചരിത്രം രചിച്ചു. പങ്കെടുത്ത എല്ലാ രാഷ്ട്രങ്ങളിലെയും ഏക വനിതാ കമാന്‍ഡറായിരുന്നു അവര്‍. അതും വെറും 35 വയസ്സില്‍. അവരുടെ പിതാവും മുത്തച്ഛനും ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരായിരുന്നു.
2006-ല്‍, കോംഗോയിലെ ഐക്യരാഷ്ട്ര ശാന്തി സേനാ ദൗത്യത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ, ലോക വേദിയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. യുദ്ധക്കെടുതികള്‍ക്കിടയില്‍ അവര്‍ നല്‍കിയ സേവനം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രൊഫഷണലിസത്തിന്റെയും മനുഷ്യത്വത്തിന്റെയും തെളിവായിരുന്നു.
‘സാധ്യമെങ്കില്‍, ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ,’ എന്ന് യുവതീ-യുവാക്കളോട് ആഹ്വാനം ചെയ്യുന്ന സോഫിയ, തന്റെ ജീവിതം കൊണ്ട് ആ വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കുന്നു. ഞങ്ങളുടെ രാജ്യം ഒരിക്കലും ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ല-ഓപ്പറേഷന്‍ സിന്ദൂരിന്റെ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ലോകത്തോട് പ്രഖ്യാപിച്ചു.
വ്യോമിക സിംഗ്: ആകാശത്തിന്റെ രാജ്ഞി
ആകാശത്തിന്റെ അതിരുകള്‍ കീഴടക്കിയ ഒരു സ്ത്രീയുടേതാണ്. വിങ് കമാന്‍ഡര്‍ വ്യോമിക സിംഗിന്റെ കഥ, 2004-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മിഷന്‍ ചെയ്യപ്പെട്ട വ്യോമിക, ചേതക്, ചീത ഹെലികോപ്റ്ററുകള്‍ പറത്തി, ഇന്ത്യയുടെ ആകാശത്ത് അഭിമാനത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതി. 2017-ല്‍ വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ച അവര്‍, വ്യോമസേനയിലെ വനിതകള്‍ക്ക് ഒരു വഴികാട്ടിയാണ്.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യോമിക നല്‍കിയ സേവനം സിഗ്‌നല്‍ ഓഫീസര്‍-ഇന്‍-ചീഫിന്റെ പ്രശംസ പിടിച്ചുപറ്റി. രാത്രിയുടെ ഇരുട്ടിലും കൊടുങ്കാറ്റിന്റെ ശക്തിയിലും അവര്‍ ഹെലികോപ്റ്റര്‍ പറത്തി, ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള ദൗത്യങ്ങളില്‍ പങ്കെടുത്ത അവര്‍ കൃത്യതയുടെയും ധൈര്യത്തിന്റെയും മറ്റൊരു പേര് തന്നെയാണ്.
ഓപ്പറേഷന്‍ സിന്ദൂരിന്റെ വാര്‍ത്താസമ്മേളനത്തില്‍, വ്യോമികയുടെ ശാന്തമായ മുഖവും ഉറച്ച വാക്കുകളും, ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ‘ഞങ്ങളുടെ ആകാശം സുരക്ഷിതമാണ്. ശത്രുക്കള്‍ക്ക് ഒരിടവും ഇനി ബാക്കിയില്ല,’ അവര്‍ ലോകത്തോട് പറഞ്ഞു. അവരുടെ ശബ്ദത്തില്‍, ഒരു പൈലറ്റിന്റെ ആത്മവിശ്വാസവും, ഒരു നേതാവിന്റെ ഉത്തരവാദിത്തവും പ്രകടമായിരുന്നു.
സോഫിയ ഖുറേഷിയെയും വ്യോമിക സിംഗിനെയും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന്റെ വാര്‍ത്താസമ്മേളനം നയിക്കാന്‍ തിരഞ്ഞെടുത്തത്, ഇന്ത്യയുടെ ഒരു ശക്തമായ സന്ദേശമായിരുന്നു. സ്ത്രീകള്‍ ഇന്ന് രാജ്യത്തിന്റെ സുരക്ഷയുടെ മുന്‍നിരയിലാണ്. യുദ്ധക്കളത്തില്‍, ആകാശത്ത്, തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന മുറികളില്‍, ആശയവിനിമയത്തിന്റെ വേദികളില്‍. ലിംഗഭേദം ഒരു തടസ്സമല്ല; കഴിവും പ്രൊഫഷണലിസവുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുഖമുദ്ര.