തിരുവനന്തപുരം: ചില മാലിന്യങ്ങൾ പോകുമ്പോൾ ബി.ജെ.പിയിലേക്ക് ശുദ്ധ ജലം വരികയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ അഡ്വ. ബിപിൻ സി ബാബു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർ അടക്കമുള്ളവരെ ഉദ്ദേശിച്ചാണ് ബി.ജെ.പി അധ്യക്ഷൻ ഇപ്രകാരം പ്രതികരിച്ചത്. എന്നാൽ, പരസ്ത്രീ ബന്ധം, ആഭിചാരം, ഗാർഹിക പീഡനം അടക്കമുള്ള ഗുരുതര പരാതികൾ ഉയർന്നതിന് പിന്നാലെ സി.പി.എമ്മിൽ അച്ചടക്ക നടപടിക്കു വിധേയനായ ജനപ്രതിനിധിയാണ് ബിപിൻ സി ബാബുവെന്നാണ് നവമാധ്യമങ്ങൾ സുരേന്ദ്രനെ ഓർമിപ്പിക്കുന്നത്.
ആലപ്പുഴയിൽ നിന്ന് കൂടുതൽ സി.പി.എം നേതാക്കൾ ഉടനെ ബി.ജെ.പിയിലെത്തുമെന്നും ജി സുധാകരൻ അടക്കം അതൃപ്തിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. വഖഫ് ഭൂമി പ്രശ്‌നത്തിൽ ബി ജെ പി വലിയ സമരം നടത്തും. ബി ജെ പിയെ മാധ്യമങ്ങൾ അപകീർത്തിപ്പെടുത്തുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കള്ളക്കഥ പൊളിയുമെന്നും പാർട്ടിയെ തകർക്കാനുള്ള എല്ലാ ആസൂത്രിത ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഫലം രണ്ട് മുന്നണികൾക്കുമുള്ള താക്കീതാണ്. ചേലക്കരയിൽ ഇടതുപക്ഷത്തിന് കുറഞ്ഞ വോട്ടുകൾ എൻ ഡി എക്കാണ് ലഭിച്ചത്. വയനാട്ടിൽ പ്രിയങ്ക മത്സരിച്ചിട്ടും പോളിംഗ് കുറഞ്ഞത് കേരളത്തിൽ ചർച്ചയായില്ല. വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണ്. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്.
കേന്ദ്രം നൽകിയ 860 കോടി രൂപ ട്രഷറിയിൽ ഉണ്ടായിട്ടും ദുരിതബാധിതർക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സർക്കാർ നൽകിയില്ല. വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചതും എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാൻ അനുവദിച്ചതും സർക്കാർ മറച്ചുവെച്ചു. എയർ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ടെന്നും തുടർ റിപോർട്ടുകൾ പരിഗണിച്ച് ഇനിയും കേന്ദ്രം പണം അനുവദിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.