ന്യൂഡൽഹി– ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മെസ്സേജിങ് ആപ്പുകളുടെ പ്രവർത്തനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ. വാട്‌സ്ആപ്പ് , സിഗ്നൽ , ടെലഗ്രാം തുടങ്ങിയ ആപ്പുകൾ ഇനിമുതൽ അവ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കൂ. ‘സിം ബൈൻഡിംഗ്’ എന്ന് വിളിക്കുന്ന ഈ പുതിയ സംവിധാനം ഫെബ്രുവരി 28 നകം നടപ്പിലാക്കാൻ ടെലികോം വകുപ്പ് കർശന നിർദ്ദേശം നൽകി.
പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ:
സിം കാർഡ് നിർബന്ധം: അക്കൗണ്ട് രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിൽ സജീവമായിരിക്കണം. സിം ഊരുകയോ മാറ്റുകയോ ചെയ്താൽ ആപ്പ് പ്രവർത്തിക്കില്ല.
വാട്‌സ്ആപ്പ് വെബ് നിയന്ത്രണം: കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് വെബ് തുടങ്ങിയ സേവനങ്ങൾ ഇനിമുതൽ ഓരോ 6 മണിക്കൂർ കൂടുമ്പോഴും തനിയെ ലോഗ് ഔട്ട് ആകും. വീണ്ടും ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്ത് ലോഗിൻ ചെയ്യേണ്ടി വരും.
ഐ.എം.എസ്.ഐ (IMSI) വെരിഫിക്കേഷൻ: നിലവിലെ ഒടിപി (OTP) സംവിധാനത്തിന് പുറമെ, സിം കാർഡിലെ സവിശേഷ നമ്പറായ ഐ.എം.എസ്.ഐ (IMSI) പരിശോധിച്ച് ആപ്പുകൾ ഉടമയെ ഉറപ്പുവരുത്തും.
ലക്ഷ്യം സൈബർ സുരക്ഷ
വിദേശ രാജ്യങ്ങളിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. സിം കാർഡ് കൈവശമില്ലാതെ തന്നെ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാഹചര്യം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബാധിക്കുന്ന ആപ്പുകൾ
വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുറമെ സ്നാപ്ചാറ്റ് , ജിയോ ചാറ്റ് , ഷെയർചാറ്റ് , അരട്ടൈ , ജോഷ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമാണ്.
90 ദിവസത്തിനുള്ളിൽ ഈ മാറ്റങ്ങൾ വരുത്തണമെന്നാണ് കമ്പനികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. മൾട്ടി-ഡിവൈസ് ഫീച്ചർ ഉപയോഗിക്കുന്നവർക്കും വൈഫൈ ടാബ്‌ലറ്റുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്കും പുതിയ പരിഷ്കാരം അല്പം പ്രയാസം സൃഷ്ടിച്ചേക്കാം.



